ഒരാൾ മരിച്ചു എന്ന് കേട്ടാൽ നമ്മുടെ ആദ്യത്തെ ചോദ്യം പ്രായമുള്ള ആളാണോ എന്നാണ്. ആയാൽ നമുക്കൊക്കെ ഒരു ആശ്വാസമാണ്. ഒരാളുടെ പ്രായം എത്ര വേണമെങ്കിലും ആയിക്കൊള്ളെട്ട. നമുക്കെങ്ങനെയാണ് അയാളുടെ ജീവിക്കാനുള്ള കൊതിയുടെ തൂക്കമറിയുക..? നമുക്കെങ്ങനെയാണ് അയാളുടെ ചങ്കിലെ ആഗ്രഹങ്ങളുടെ കനമറിയുക..?
ചോദിക്കുന്നത് റഈസ് ഹിദായ ആണ്. ഉള്ളുലുക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് റഈസ്. മരണം മുന്നിൽ കണ്ട് െഎ.സി.യുവിൽ കിടക്കുേമ്പാഴുണ്ടായ ഒരു അനുഭവം ഉദ്ധരിച്ചുകൊണ്ട് കണ്ണുതുറപ്പിക്കുന്ന കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്.
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് 18 വർഷമായി കിടപ്പിലായ 'റഈസ് ഹിദായ' എന്ന റഈസ്. 17-ാമത്തെ വയസ്സിലുണ്ടായ അപകടത്തിൽ കഴുത്തിന് താഴേക്ക് തളർന്നുപോയ അദ്ദേഹം തെൻറ വീട്ടിലെ കിടക്കയിൽ കിടന്ന് ലോകത്തോട് ഫേസ്ബുക്കിലൂടെ സംസാരിക്കുകയാണ്. കേരളത്തിൽ അറിയപ്പെടുന്ന ഗ്രീൻ പാലിയേറ്റീവ് പ്രവർത്തകൻ കൂടിയാണ് റഈസ്.
ഒരാൾ മരിച്ചു എന്ന് കേട്ടാൽ നമ്മുടെയൊക്കെ ആദ്യത്തെ ചോദ്യം 'പ്രായമുള്ള ആളാണോ' എന്നാണ്..
ആയാൽ നമുക്കൊക്കെ ഒരു ആശ്വാസാണ്. ഒരാളുടെ പ്രായം നൂറോ നൂറ്റി ഇരുപതോ നൂറ്റിഅമ്പതോ ആവട്ടെ, നമുക്കെങ്ങനെയാണ് അയാളുടെ ജീവിക്കാനുള്ള കൊതിയുടെ തൂക്കമറിയുക.. നമുക്കെങ്ങനെയാണ് അയാളുടെ ചങ്കിലെ ആഗ്രഹങ്ങളുടെ കനമറിയുക..
കിടപ്പിലായ ഒരാൾ മരിച്ചു എന്ന് കേട്ടാൽ അധികകാലം കിടന്നിട്ടില്ല എങ്കിൽ ഭാഗ്യം, പടച്ചോൻ ഒരുപാട് പരീക്ഷിച്ചില്ല എന്നാവും. അത് ഒന്നോ രണ്ടോ വർഷം ആയിരുന്നെങ്കിൽ പാവം, രക്ഷപ്പെട്ടു എത്ര കാലംച്ചിട്ടാ ഇങ്ങനെ കിടന്ന് കഷ്ടപ്പെടുക..
നമ്മളാരാണ് ഹേ ഒരാളുടെ ജീവന്റെ മേൽ നമ്മുടെ കണക്ക് പറയാൻ..
കഴിഞ്ഞ ദിവസം മരണം മുന്നിൽ കണ്ട് കൊണ്ടിരിക്കുന്ന നേരത്ത് ICUവിൽ വന്ന് സീനിയർ ഡോക്ടർ അസിസ്റ്റന്റിനോട് ഹിസ്റ്ററി പറയാൻ പറഞ്ഞു...
അയാൾ പറഞ്ഞു തുടങ്ങി..
കഴിഞ്ഞ പതിനെട്ട് വർഷമായി കിടപ്പിലാണ്. C3C4 കോട്രിപ്ലീജിയ, ട്രക്കിയോസ്റ്റമി ഹോൾ സെമി ഓപ്പൺ ആണ്.
ഓഹ്! പതിനെട്ട് വർഷം.. അയാൾ സ്റ്റെതസ്കോപ്പ് വെച്ച് കൊണ്ടിരിക്കുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു. പിന്നെ ഇങ്ങനെയൊക്കെ പോയാ മതി. ഇതൊക്കെ തന്നെ തുടർന്നാ മതി എന്ന് ആകെ മൊത്തത്തിൽ പറഞ്ഞ് വെക്കുമ്പോ ഇത്രയൊക്കെ പ്രതീക്ഷിച്ചാ മതി എന്നായിരിക്കണം അയാൾ പറയാതെ പറഞ്ഞത്..
അപ്പോഴാണ് പതിനെട്ട് വർഷമായി കിടപ്പിലാണല്ലോ എന്ന് ഞാൻ തന്നെ ആലോചിക്കുന്നത്.... ആണെങ്കിൽ തന്നെ ഇത്രയൊക്കെ മതിയെന്ന ടോൺ അയാളുടെ സംസാരത്തിൽ വരാൻ അയാളാര്.. എന്റെ ജീവിക്കാനുള്ള കൊതി അയാളെങ്ങനെ അറിയാനാണ്..
ഇടറിയ ചങ്കിൽ നിന്ന് അപ്പോഴും മുറിഞ്ഞ് മുറിഞ്ഞ് അവനെ വിളിച്ച് തേടുന്നത് നാഥാ...., ആയുസ്സിനെ ഇനിയും നീട്ടി താ.. കൊതി തീർന്നിട്ടില്ല..., പൂതി മാറിയിട്ടില്ല... അറിയാം തമ്പുരാനെ ഇതൊക്കെ തീർന്നിട്ട് നിന്റെ വിളിക്കുത്തരം നൽകാനാവില്ല..., എങ്കിലും ഒരല്പ സമയം കൂടെ... എന്റെ പ്രിയപ്പെട്ടവരുടെ കൂടെ കുറച്ച് സമയം കൂടെ നാഥാ..., തന്നേക്കണേ...
പല തവണ ഞാൻ ചോദിച്ചിട്ടുണ്ട്.., മരിച്ചയാളുടെ പ്രായം.. ഇനി ഈ ആയുഷ്കാലത്ത് ആ ചോദ്യം പ്രസക്തിയില്ലാതാവുന്നു, അത് പാപമായി മാറുന്നു.
നാഥാ,
ഞങ്ങളെ നീ സ്വീകരിക്കണേ..
ആമീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.