വിമാനയാത്രികൻ പകർത്തിയ ദൃശ്യങ്ങളിൽ കണ്ട നിഗൂഢ രൂപങ്ങളെന്താണെന്നതിനെ കുറിച്ചുള്ള ചർച്ചയാണ് എക്സിലെ ഒരു പോസ്റ്റിന് താഴെ നിറയുന്നത്. വിമാനയാത്രക്കിടെ ഒരാൾ പകർത്തിയ മേഘങ്ങളുടെ വിഡിയോയാണ് മിര മൂർ എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചത്. പാരാനോർമൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അക്കൗണ്ടാണിത്. മനുഷ്യരെ പോലെ തോന്നിക്കുന്ന ഏതാനും രൂപങ്ങൾ മേഘങ്ങൾക്ക് മുകളിൽ നിൽക്കുന്നുവെന്നും എന്താണ് സംഭവമെന്നും ചോദിച്ചായിരുന്നു പോസ്റ്റ്.
എക്സിൽ പങ്കുവെച്ച ദൃശ്യങ്ങൾ വൈറലായി. 48 ലക്ഷം പേരാണ് വിഡിയോ കണ്ടുകഴിഞ്ഞത്. മേഘങ്ങൾക്ക് മുകളിലൂടെ പറക്കുന്ന വിമാനത്തിൽ നിന്നുള്ള പുറത്തെ കാഴ്ചകളാണ് പങ്കുവെച്ച വിഡിയോയിൽ. എന്നാൽ, പരന്നുകിടക്കുന്ന മേഘത്തിന് മുകളിലായി മനുഷ്യരെ പോലെ തോന്നിക്കുന്ന ഏതാനും രൂപങ്ങളെ കാണാം. പലയിടങ്ങളിലായി ഇങ്ങനെ ഉയർന്നുനിൽക്കുന്ന രൂപങ്ങളെ കാണുന്നുണ്ട്. നിങ്ങൾക്ക് ഇത് എന്താണെന്ന് അറിയാമെങ്കിൽ എഴുതൂവെന്നാണ് പോസ്റ്റിൽ പറഞ്ഞത്. അന്യഗ്രഹജീവികളാണോ ഇതെന്ന തരത്തിലുള്ള ഹാഷ്ടാഗും ഇവർ നൽകിയിട്ടുണ്ട്.
പലവിധത്തിലുള്ള അഭിപ്രായമാണ് പോസ്റ്റിൽ നിറഞ്ഞത്. ചിലർ വിഡിയോയുടെ ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചപ്പോൾ മറ്റു ചിലർ അന്യഗ്രഹജീവികളാണോ ഇതെന്ന സംശയമാണ് പ്രകടിപ്പിച്ചത്. മഞ്ഞിന് മുകളിൽ ഏതാനും ആളുകൾ നിൽക്കുന്നത് പോലെയാണ് തോന്നുന്നതെന്ന് ചിലർ കമന്‍റ് ചെയ്തു. എന്നാൽ, ഇത് വ്യാജമായി ഉണ്ടാക്കിയ ചിത്രമാണെന്നായിരുന്നു മറ്റു ചിലരുടെ കമന്‍റ്. വിമാനം നിശ്ചലമായി നിൽക്കുന്നത് പോലെയാണ് തോന്നുന്നതെന്നാണ് ചിലർ പറയുന്നത്.
അതേസമയം, ദൃശ്യങ്ങൾക്ക് യുക്തിസഹമായ മറുപടികൾ ചിലർ നൽകി. ഇത് പ്രകൃതിയിലെ ഒരു പ്രതിഭാസമാണെന്നായിരുന്നു വിശദീകരണം. മേഘത്തിന്‍റെ പാളികളാണ് കാണുന്നതെന്നും അതിൽ നിന്ന് വാതകങ്ങൾ പുറത്തേക്ക് ഉയരുന്നതാണ് ആളുകൾ നിൽക്കുന്നത് പോലെ തോന്നിക്കുന്നതെന്നും ഒരാൾ ചൂണ്ടിക്കാട്ടി. സമാനമായ മറ്റ് ചില ചിത്രങ്ങളും പങ്കുവെച്ചു. മേഘപാളിയിൽ നിന്ന് നീരാവി ഉയരുന്നതാണെന്നും പരിചയസമ്പന്നനായ ഒരു പൈലറ്റിനോട് സംസാരിച്ച് ഇക്കാര്യം മനസ്സിലാക്കിയെന്നും മറ്റൊരാൾ പോസ്റ്റിൽ കമന്‍റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.