മോഡലാകാൻ ആഗ്രഹിച്ച മകന്‍റെ സ്വപ്നം പൂർത്തിയാക്കിയ പിതാവാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മോഡലാകണമെന്ന ആഗ്രഹം പൂർത്തിയാക്കാതെ മടങ്ങിയ മകനായി റാമ്പിൽ ചുവട് വെച്ചിരിക്കുകയാണ് നവീൻ കാംബോജ്. ഒരു റോഡപകടത്തിലാണ് നവീൻ കാംബോജിന് തന്‍റെ 18കാരനായ മകനെ നഷ്ടമാകുന്നത്.
മകൻ വിട്ടുപിരിഞ്ഞപ്പോൾ, ആ സ്വപ്നങ്ങൾക്ക് ജീവൻ പകരുക അസാധ്യമാണെന്ന് തോന്നിയെന്നും അവൻ അവശേഷിപ്പിച്ച ശൂന്യതയിൽ ഒരു വർഷത്തോളം അസഹനീയമായ സങ്കടത്തിന്‍റെ നിഴലിൽ ജീവിച്ചതായും കാംബോജ് പറയുന്നു. പക്ഷേ, മകന്‍റെ ഒന്നാം ചരമവാർഷികത്തിൽ അവന്‍റെ സ്വപ്‌നങ്ങൾക്ക് ജീവൻ നൽകാൻ തീരുമാനിക്കുകയായിരുന്നെന്ന് നവീൻ കാംബോജ് വ്യക്തമാക്കി.
55ാം വയസ്സിൽ മോഡലിങ് യാത്ര ആരംഭിക്കാൻ നവീൻ കാംബോജിന് വേദിയൊരുക്കാൻ സഹായിച്ച ദിനേശ് മോഹൻ അദ്ദേഹം റാംമ്പിൽ നടക്കുന്ന വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇത് നഷ്ടത്തിന്‍റെയും സങ്കടത്തിന്‍റെയും മാതൃകാപരമായ ധൈര്യത്തിന്‍റെയും കഥയാണ് എന്ന എഴുത്തോടെയാണ് ദിനേശ് വിഡിയോ പങ്കുവെച്ചത്.
കാംബോജ് തന്നെ സമീപിച്ച് അന്തരിച്ച മകന്‍റെ സ്മരണക്കായി ഒരു മോഡലാകാനുള്ള തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചതായി അദ്ദേഹം പറയുന്നു. തികഞ്ഞ ഇച്ഛാശക്തിയിലൂടെ വിഷാദത്തിൽ നിന്ന് സ്വയം പുറത്തുവരുകയും ശരീര ഭാരം കുറക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദുഃഖം ആഴമുള്ളതാണ്, എന്നാൽ സ്നേഹം കൂടുതൽ ആഴമുള്ളതാണ് എന്ന് കൂട്ടിച്ചേർത്തുകൊണ്ടാണ് അദ്ദേഹം തന്‍റെ പോസ്റ്റ് അവസാനിപ്പിച്ചത്. വിഡിയോക്ക് നിരവധിപ്പേർ വൈകാരികമായ അഭിപ്രായങ്ങൾ പങ്കുവെച്ചു. നവീൻ കാംബോജിന് പിന്തുണയുമായി നിരവധി ആളുകൾ രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.