രണ്ടു ലോക മഹായുദ്ധങ്ങളും എത്രയോ സാമ്പത്തിക മാന്ദ്യങ്ങളും ഇ- ബുക്കുകളും ഒാൺലൈൻ ഭീമൻമാരുടെ ഭീഷണിയും അതിജീവിച്ച ചരിത്രപ്രസിദ്ധമായ ന്യൂയോർക്കിലെ സ്ട്രാൻഡ് ബുക്സ്റ്റോർ തകരുകയാണെന്ന് അതിൻ്റെ ഉടമ നാൻസി ബാസ് വെയ്ഡൻ ട്വീറ്റ് ചെയ്തത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് (ഒക്ടോബർ 23).
കോവിഡിനെ തുടർന്ന് ആൾക്കാർ പുസ്തകം വാങ്ങാൻ വരാതായതും ടൂറിസം നിലച്ചതും പുസ്തകശാലയിലെ സാംസ്കാരിക പരിപാടികൾ ഇല്ലാതായതും സ്ട്രാൻഡിനെ ഞെരുക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കോവിഡ് തുടങ്ങിയ ശേഷം കച്ചവടം 70 ശതമാനം കുറഞ്ഞു. കമ്പനിയുടെ ധന സ്രോതസ് വറ്റി. വായനക്കാർ ഒരു കൈ സഹായിച്ചില്ലെങ്കിൽ ഒരു നൂറ്റാണ്ടിനടുത്ത് പ്രായമുള്ള പുസ്തകശാല പൂട്ടേണ്ടിവരുമെന്നും അവർ എഴുതി.
നാൻസി ബാസിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ന്യൂയോർക്കിലെ വായനപ്രേമികളുടെ പ്രതികരണം. #savethestrand എന്ന ഹാഷ്ടാഗ് മണിക്കൂറുകൾ കൊണ്ട് വൈറലായി. ശനിയും ഞായറും കൊണ്ട് 25,000 ഒാൺലൈൻ ഒാർഡറുകളാണ് സ്ട്രാൻഡിലേക്ക് പ്രവഹിച്ചത്. സാധാരണ ദിവസങ്ങളിൽ 300 ഒാർഡറുകളാണ് ലഭിക്കുക. അസാധാരണമായ ഇൗ തള്ളിക്കയറ്റത്തിൽ സ്ട്രാൻഡിൻ്റെ വെബ്സൈറ്റ് തകർന്നു. സ്ട്രാൻഡിൻ്റെ ന്യൂയോർക്കിലെ ബുക്റോ എന്നറിയപ്പെടുന്ന ഫോർത്ത് അവന്യൂവിലെ ഷോപ്പിന് മുന്നിൽ വലിയ നിര പ്രത്യക്ഷപ്പെട്ടു. അവരൊക്കെ അച്ചടക്കത്തോടെ കോവിഡ് സാമൂഹിക അകലം പാലിച്ച് ക്ഷമയോടെ പുസ്തകം വാങ്ങാൻ കാത്തുനിന്നു. ഇൗ ഷോപ്പിൽ ശനിയും ഞായറുമായി 1.70 ലക്ഷം ഡോളറിൻ്റെ കച്ചവടമാണ് നടന്നത്. സെപ്റ്റംബറിൽ മാത്രം 3.16 ലക്ഷം ഡോളർ നഷ്ടം വന്ന സ്ഥലത്താണ് ഇൗ കുതിച്ചുകയറ്റം.
ഒരു വനിത 197 പുസ്തകങ്ങളാണ് വാങ്ങിയത്. ഒരു ഡസനിലേറെ പേർ തങ്ങളുടെ വീട്ടുലൈബ്രറികൾ തയാറാക്കാൻ സ്ട്രാൻഡിന് കരാർ ഏൽപ്പിച്ചു. ഒാൺലൈൻ ഒാർഡറുകൾ പാക്ക് ചെയ്യാൻ ഉടമ നാൻസിയുടെ 12 കാരി മകളും ഷോപ്പിലെത്തി.
അസാധാരണമായ ഇൗ പ്രതികരണത്തിൽ നാൻസി തളർന്നുപോയി. 'ഇൗ നിലയിൽ ഞങ്ങളെ സഹായിക്കുന്ന വായനസമൂഹത്തെ എങ്ങനെ എനിക്ക് സ്നേഹിക്കാതിരിക്കാൻ കഴിയും' - വാഷിങ്ടൺ പോസ്റ്റിനോട് അവർ ചോദിച്ചു. ഇൗ വർഷം അവസാനം വരെ സ്ഥാപനം അതിജീവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാവിയെ കുറിച്ച് അപ്പോൾ പുനരാലോചന നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
അമേരിക്കയിലേക്ക് കുടിയേറിയ ലിത്വാനിയക്കാരനായ യഹൂദ വംശജൻ ബെഞ്ചമിൻ ബാസ് 1927 ൽ സ്ഥാപിച്ചതാണ് സ്ട്രാൻഡ്. 300 ഡോളർ സ്വന്തം പണവും 300 ഡോളർ വായ്പയുമായിരുന്നു അദ്ദേഹത്തിൻ്റെ മൂലധനം. പതിറ്റാണ്ടുകൾ കൊണ്ട് ന്യൂയോർക്കിലെ ഏറ്റവും വലിയ ബുക്സ്റ്റോറായി അത് വളർന്നു. ബെഞ്ചമിൻ ബാസിൻ്റെ കാലശേഷം മകൻ ഫ്രെഡ് ബാസ് ചുമതലയേറ്റു. തൻ്റെ 13ാം വയസിൽ സ്ട്രാൻഡിലെ ജീവനക്കാരനായി തുടങ്ങിയതാണ് ഫ്രെഡ്. ഫ്രെഡിൻ്റെ മകളും ഇപ്പോഴത്തെ ഉടമയുമായ നാൻസി ബാസ് വെയ്ഡനും കുട്ടിക്കാലത്തേ സ്ട്രാൻഡിലുണ്ട്. 2018 ലാണ് ഒൗദ്യോഗികമായി ഉടമസ്ഥത ഏറ്റത്.
കോവിഡിനെ തുടർന്ന് ലോകത്തെ സ്വതന്ത്ര പുസ്തകശാലകല്ലൊം വൻ പ്രതിസന്ധിയാണ് നേരിടുന്നത്. അമേരിക്കയിൽ പ്രത്യേകിച്ചു. അവിടെ ആഴ്ചയിൽ കുറഞ്ഞത് ഒരു ബുക് സ്റ്റോറെങ്കിലും പൂട്ടുന്നു. അതേസമയം പുസ്തകശാലകളുടെ പ്രധാന എതിരാളിയായ ആമസോണിൻ്റെ കച്ചവടം കുതിച്ചു കയറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.