തലയിൽ തലകുത്തിനിന്ന് 100 പടികളിലൂടെ വിയറ്റ്നാമീസ് സഹോദരൻമാർ നടന്നുകയറിയത് ഗിന്നസ് ബുക്കിലേക്ക്. 53 സെക്കന്‍റുകൊണ്ടാണ് 100 പടികൾ ഈ സഹോദരൻമാർ സാഹസികമായി താണ്ടിയത്.
37കാരനായ ജിയാങ് ക്വോക് കോയും 32കാരനായ ജിയാങ് ക്വോക് എൻഗിപ്പുമാണ് സാഹസികതക്ക് പിന്നിൽ. ഡിസംബർ 23ന് സ്പെയിനിലെ സെന്‍റ് മേരീസ് കത്തീഡ്രലിലായിരുന്നു ഇരുവരുടെയും സാഹസിക അഭ്യാസം.
സർക്കസുകാരായ ഇരുവർക്കും 2016ൽ ഇതേ റെക്കോഡ് സ്വന്തമായിരുന്നു. അന്ന് 90 പടികൾ 52സെക്കന്‍റുകൊണ്ടാണ് ഇരുവരും താണ്ടിയത്.
ഒരാളുടെ തലയിൽ മറ്റൊരാൾ തലകുത്തിനിന്നശേഷം കൈകളും കാലുകളും ബാലൻസ് ചെയ്യും. ഇതേ സമയം നിലത്തുനിൽക്കുന്ന ആൾ പടികൾ കയറും. ഇരുവരുടെയും റെക്കോഡ് നടത്തം സമൂഹമാധ്യമങ്ങളിൽ വൈറലായി.
53 സെക്കന്‍റിനുള്ളിൽ 100 പടികൾ കയറി റെക്കോഡ് നേടിയതിൽ അത്ഭുതവും സന്തോഷവും തോന്നുന്നുവെന്ന് സഹോദരൻമാരിൽ ഒരാൾ പറഞ്ഞു. ദിവസങ്ങൾ നീണ്ട പരിശീലനത്തോടെ ഞങ്ങൾ മാനസിക സമ്മർദം അനുഭവിച്ചിരുന്നു. രാവിലെ മുതൽ രാത്രിവരെ പരിശീലനം തുടരും. കാലാവസ്ഥയും പ്രതികൂലമായിരുന്നു. അഞ്ചുവർഷം മുമ്പ് ഞങ്ങൾ 90 പടികൾ 52 സെക്കന്‍റിനുള്ളിൽ കയറിയിരുന്നു. പുതിയ റെക്കോർഡിൽ വളരെയധികം സന്തോഷം തോന്നുന്നു -മറ്റൊരാൾ വിഡിയോയിൽ പറഞ്ഞു.
90 പടികളാണ് കത്തീഡ്രലിനുള്ളത്. പരിപാടിക്കായി 10 പടികൾ കൂടി കൂട്ടിച്ചേർക്കുകയായിരുന്നു. പുതിയ പടികൾ മറ്റുള്ളവയെപ്പോലെ ആയിരുന്നില്ല. ഉയരവും നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കളുമെല്ലാം വ്യത്യസ്തമായിരുന്നു. അതിനാൽ പുതിയ പടികൾ കയറാനായിരുന്നു ഏറ്റവുമധികം പരിശീലിച്ചതെന്നും അവർ പറയുന്നു.
2016ലെ ഇരുവരുടെയും റെക്കോഡുകൾ പെറുവിയൻ അക്രോബാറ്റുകളായ പാബ്ലോ നൊനാറ്റോ പാണ്ഡുറോയും ജോയൽ യെയ്േകറ്റ് സാവേദ്രയും 2018ൽ തകർത്തിരുന്നു. 91 പടികളാണ് ഇരുവരും അന്ന് നടന്നുകയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.