ക്വാലാലംപൂർ: ഗൂഗ്ൾ മാപ് ഇനി ആർക്കും ഇങ്ങനൊരു പണി കൊടുക്കല്ലേ എന്ന പ്രാർഥനയിലാണ് ഈ ഗ്രാമം. അൽപം കൂടി ശ്രദ്ധ തെറ്റിയെങ്കിൽ കാര്യങ്ങൾ മൊത്തം കൈവിട്ടുപോയേനേ എന്നാണ് നാട്ടുകാർ പറയുന്നത്. 'മാപ്പർഹിക്കാത്ത കാര്യമാണ് ഗൂഗ്ൾ മാപ് ചെയ്തതെന്ന്' സംഗതി അറിഞ്ഞവരെല്ലാം ചിരിയടക്കാനാവാതെ പറയുന്നു.
ഗൂഗ്ൾ മാപ്പ് നോക്കി ഓഡിറ്റോറിയത്തിലേക്ക് പോയ വരനും കൂട്ടർക്കുമാണ് മുട്ടൻ പണി കിട്ടിയത്. ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിൽ പാകിസ് ജില്ലയിലാണ് സംഭവം. ലോസരി ഹാംലെറ്റ് എന്ന ഓഡിറ്റോറിയത്തിലേക്ക് മാപ് നോക്കി പോയതായിരുന്നു വരന്‍റെ പാർട്ടി. എന്നാൽ, അവർ എത്തിപ്പെട്ടത് ലോസരി ഹാംലെറ്റിന് കുറച്ചപ്പുറമുള്ള ജെങ്‌കോൾ ഹാംലെറ്റിലും. അവിടെ മറ്റൊരു വിവാഹ നിശ്ചയച്ചടങ്ങായിരുന്നു നടക്കേണ്ടിയിരുന്നത്. അതിനായി പ്രതിശ്രുത വധു മരിയ ഉൽഫയെ ബ്യൂട്ടീഷ്യൻ അണിയിച്ചൊരുക്കുന്നതിനിടെയാണ് അപ്രതീക്ഷിത്മായി 'വരന്‍റെ' കടന്നുവരവ്.
വന്ന ഉടൻ തങ്ങൾ കൊണ്ടുവന്ന സമ്മാനമൊക്കെ വരന്‍റെ ബന്ധുക്കൾ വധുവിന്‍റെ ബന്ധുക്കളെ ഏൽപിച്ചു. എന്നിട്ടും അമളി പിണഞ്ഞത് അവർക്ക് മനസ്സിലായില്ല. ഒടുവിൽ, പരിചയമുള്ള ആരെയും കാണാത്തതിനെ തുടർന്ന് മരിയയുടെ ബന്ധുക്കളിലൊരാൾക്കാണ് പന്തിേകട് മണത്തത്. സംഗതി മറ്റുള്ളവരെ അറിയിക്കുകയും വന്നവരോട് കാര്യം പറയുകയും ചെയ്തു. ഇതോടെ കല്യാണപ്പന്തലിൽ കൂട്ടച്ചിരി പൊട്ടി. 'ഗൂഗ്ൾ മാപ്പ്' വരുത്തി വെച്ച അബദ്ധത്തിന് മാപ്പ് ചോദിച്ച് കെട്ടും പെട്ടിയുമെല്ലാമെടുത്ത് വരന്‍റെ ബന്ധുക്കൾ മടങ്ങി. ഇവർ തിരിച്ചുപോകുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൻ വൈറലാവുകയും ചെയ്തു.
"വന്നവരെ കണ്ടപ്പോൾ ഞാൻ ഞെട്ടിേപ്പായി. ആരെയും പരിചയമില്ല. എങ്കിലും തന്‍റെ കുടുംബം അവരെ സ്വാഗതം ചെയ്യുകയും അവർ സമ്മാനങ്ങൾ കൈമാറുകയും ചെയ്യുകയായിരുന്നു" -ഉൽഫ ഇന്തോനേഷ്യൻ ന്യൂസ് പോർട്ടലിനോട് പറഞ്ഞു. കെൻഡൽ റിംഗിനം സ്വദേശിയായ ബുർഹാൻ സിദ്ഖിയാണ് മരിയയുടെ പ്രതിശ്രുത വരൻ. എന്നാൽ, വഴിതെറ്റി വന്നയാൾ പെമലാങ് സ്വദേശിയായിരുന്നു. ഒടുവിൽ, അയാളുടെ വിവാഹവേദിയായ ലോസരി ഹാംലെറ്റിലേക്കുള്ള വഴി മരിയയുടെ ബന്ധുക്കൾ കാണിച്ചുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.