തീപിടിച്ച കെട്ടിടത്തിൽ കുടുങ്ങിയ ഒരമ്മ കുഞ്ഞിനെ രക്ഷിക്കാൻ നടത്തിയ സാഹസത്തിൽ ആശ്ചര്യവും ആശ്വാസവും രേഖപ്പെടുത്തുകയാണ് നെറ്റിസൺസ്. കത്തിയെരിയുന്ന കെട്ടിടത്തിന്‍റെ ഒന്നാംനിലയിൽ നിന്നാണ് താഴെ കൂടിനിൽക്കുന്നവരുടെ സുരക്ഷിത കരങ്ങളിലേക്ക് കുഞ്ഞിനെ വലിച്ചെറിയുന്നത്.
ദക്ഷിണാഫ്രിക്കയിലെ ഡർബനിലാണ് സംഭവം. നലേദി മന്യോനി എന്ന യുവതിയാണ് കുഞ്ഞിനെ രക്ഷിക്കാൻ സാഹസത്തിന് തയാറായത്. ബി.ബി.സി കാമറാമാൻ തുതുക സോണ്ടിയാണ് രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യം പകർത്തിയത്. മുൻ പ്രസിഡന്‍റ് ജേക്കബ് സുമയുടെ അറസ്റ്റിന് പിന്നാലെയുള്ള അക്രമങ്ങളിലാണ് കെട്ടിടത്തിന് തീപിടിച്ചത്.
രണ്ടുവയസുകാരിയായ കുഞ്ഞിനെയും കൊണ്ട് കെട്ടിടത്തിന്‍റെ സൺഷേഡിലേക്ക് അമ്മ ഇറങ്ങിവരുകയായിരുന്നു. ഇവരുടെ പിന്നിൽ തീയും പുകയും ഉയരുന്നതും കാണാം. കുഞ്ഞിനെ രക്ഷിക്കാനായി താഴെ ഓടിയെടുക്കുന്നവരെയും കാണാം.
താഴെക്കൂടിയവർ കുഞ്ഞിനെ എറിയാൻ വിളിച്ചുപറയുന്നുണ്ടായിരുന്നു. എത്രയും വേഗം കുഞ്ഞിനെ രക്ഷിക്കാനായാണ് മന്യോനി സാഹസത്തിന് ഒരുങ്ങിയത്. കുഞ്ഞിനെ താഴെയുള്ളവർ സുരക്ഷിതമായി കൈകളിൽ ഏറ്റുവാങ്ങി. പിന്നീട് അമ്മയേയും രക്ഷപ്പെടുത്തി.
തീപിടിച്ച കെട്ടിടത്തിന്‍റെ 16ാം നിലയിലായിരുന്നു ഇവർ താമസിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.