കുറ്റവാളികളുടെ പല്ല്​ തെറുപ്പിക്കാനുള്ള ജോലി സ്വീകരിക്കാൻ കാരണമെന്ത്​?- ഐ.പി.എസ്​ എടുത്ത ദന്തഡോക്​ടറോട്​ മോദി; പ്രചോദനമായി മറുപടി


ന്യൂഡൽഹി: 'രോഗികളെ പല്ലുവേദനയിൽ നിന്ന്​ സംരക്ഷിക്കാൻ ചുമതലയേറ്റിരുന്നയാൾ രാജ്യത്തിന്‍റെ ശത്രുക്കളുടെ പല്ല്​ തെറുപ്പിക്കാനുള്ള പാത തെരഞ്ഞെടുക്കാനുള്ള കാരണമെന്താണ്​?'- ഐ.പി.എസ്​ എടുത്ത ദന്ത​ഡോക്​ടറായ ഡോ. നവജ്യോത്​ സിമിയോട്​ ഈ ചോദ്യം ചോദിച്ചത്​ മറ്റാരുമല്ല. സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്​. തന്നെ ചിരിപ്പിച്ച ചോദ്യത്തോട്​ മറ്റുള്ളവർക്ക്​ പ്രചോദനമാകുന്ന മറുപടിയാണ്​ ഡോ. നവജ്യോത് നൽകിയത്​. 'ഞാൻ കുറച്ചുകാലമായി സിവിൽ സർവീസിൽ ജോലി ചെയ്യുന്നു. ഒരു ഡോക്ടറുടെ ജോലിയും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ കടമയും ജനങ്ങളുടെ വേദന മാറ്റുക എന്നതാണ്. അതിനാൽ ഇതു മറ്റുള്ളവർക്കു സേവനം ചെയ്യുന്നതിനുള്ള വലിയൊരു വേദിയാണെന്ന്​ ഞാൻ കരുതുന്നു'- അവർ മറുപടി പറഞ്ഞു.

ദന്തഡോക്​ടറുടെ വെള്ളക്കോട്ടിൽനിന്നും പൊലീസിന്‍റെ കാക്കിയിലേക്കു ചുവടുമാറ്റിയ ഡോ. നവജ്യോതിന്‍റെ വാക്കുകൾ വൈറലാകുകയും ചെയ്​തു. ശനിയാഴ്ച ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷനൽ പൊലീസ് അക്കാദമിയിലെ ഐ.പി.എസ് പ്രബേഷനിലുള്ള ഉദ്യോഗസ്ഥരുമായുള്ള പ്രധാനമന്ത്രിയുടെ സംവാദത്തിനിടെയാണ്​ ഈ ചോദ്യവും ഉത്തരവും ഉണ്ടായത്​. ഇതിന്‍റെ വീഡിയോ ഡോ. നവജ്യോത് സമൂഹമാധ്യമത്തിൽ പങ്കുവെച്ചതാണു വൈറലായത്. പഞ്ചാബിലെ ഗുരുദാസ്പുർ സ്വദേശിനിയാണ്​ ഇവർ. ബിഹാർ കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥയാണ്.

'ഇന്ത്യൻ പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താൻ സാധിച്ചതിന് നന്ദി. ഭാവിയിൽ പൊലീസ്​ രംഗത്തെ മികച്ച ​ പ്രവർത്തനത്തിനു താങ്കളുടെ മാർഗനിർദേശവും ഉപദേശവും ഞങ്ങൾക്ക് അമൂല്യമാണ്. ഞങ്ങൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും 'പുതിയ ഇന്ത്യ'യിലേക്ക് രാജ്യത്തെ നയിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യും'– ഇന്‍സ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ഡോ.നവജ്യോത് സിമി കുറിച്ചു.

പൊലീസ് സേനയിൽ ചേർന്നതിലൂടെ പുതുതലമുറയിലെ 'രാജ്യത്തിന്‍റെ പെൺമക്കൾക്ക്​' ഡോ. നവജ്യോത് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പരിപാടിയിൽ പറഞ്ഞു. അവരുടെ അനുഭവങ്ങൾ പ്രധാനമന്ത്രി ചോദിച്ചറിയുകയും ചെയ്​തു. വനിതാ കോൺസ്റ്റബിൾമാരുടെ ഒരു ബാച്ചുമായി സംവദിച്ചതിന്‍റെ അനുഭവങ്ങൾ നവജ്യോത്​ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു. സ്​ത്രീകൾക്കുവേണ്ടിയും അവരുടെ വിദ്യാഭ്യാസത്തിനുവേണ്ടിയും സാധ്യമായ സംഭാവനകൾ താൻ നൽകുമെന്നും നവജ്യോത്​ പറഞ്ഞു. നവജ്യോതിന്​ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെയെന്നും പൊലീസ് സേനയെ കൂടുതൽ മാതൃകാപരമാക്കുന്നതിൽ വിജയിക്കട്ടെയെന്നും മോദി ആശംസിക്കുകയും ചെയ്തു.

Tags:    
News Summary - PM Modi's question to this dentist turned cop and her answer goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.