എല്ലാം ഡിജിറ്റലായ കാലത്ത് ഓൺലൈൻ വ്യാപാരവും വ്യാപകമാണ്. നമുക്ക് വേണ്ട ഉത്പന്നങ്ങൾ ഓൺലൈൻ വഴി ഓർഡർ ചെയ്യുന്നവർ നിരവധിയാണ്. ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നവരെ ആശങ്കാകുലരാക്കുന്ന വിഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ട്രെയ്നിൽ എത്തിയ പാർസലുകൾ ലോഡിങ് തൊഴിലാളികൾ അശ്രദ്ധമായി ഇറക്കുന്ന വിഡിയോ ആണ് ഷോപ്പാഹോളിക്കുകളുടെ ആശങ്ക കൂട്ടുന്നത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ട്രെയിനിൽ നിന്ന് നിരവധി തൊഴിലാളികൾ പാർസലുകൾ പ്ലാറ്റ് ഫോമിലേക്ക് വലിച്ചെറിയുന്നു. ഒരു തരത്തിലുള്ള ശ്രദ്ധയും നൽകാതെ, ഉത്പന്നങ്ങൾ നശിച്ചുപോകുമോ എന്നുപോലും ഓർക്കാതെയുള്ള പ്രവർത്തിയാണ് വിഡിയോയിലുള്ളത്. വിഡിയോയുടെ ഒരു ഘട്ടത്തിൽ ട്രെയിനിൽ നിന്ന് എറിഞ്ഞ പാർസൽ പ്ലാറ്റ്ഫോമിലെ സീലിങ് ഫാനിൽ തട്ടി വീഴുന്നതും കാണാം. ഭൂരിഭാഗം പാർസലുകളിലും ആമസോൺ ലോഗോയുമുണ്ട്. വിഡിയോ ഷെയർ ചെയ്തയാൾ നൽകിയ ക്യാപ്ഷൻ ആമസോൺ, ഫ്ലിപ്പ്കാർട്ട് പാർസലുകൾ എന്നാണ്.
വൈറലായ വിഡിയോ 2022 മാർച്ചിൽ എടുത്തതാണെന്ന് നോർത്ത്ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ ട്വീറ്റിൽ പറയുന്നു. ഗുവാഹത്തി സ്റ്റേഷനിൽ രാജധാനി എക്സ്പ്രസാണ് വിഡിയോയിലുള്ളത്. പാർസലുകൾ കൈകാര്യം ചെയ്യുന്നവർ അതാത് കമ്പനികളുടെ ആളുകൾ തന്നെയാണെന്നും പാർസൽ കൊണ്ടുവരാനുള്ള സ്ഥല സൗകര്യം മാത്രമാണ് റെയിൽവേ വിവിധ കക്ഷികൾക്ക് നൽകുന്നതെന്നും ട്വീറ്റിലുണ്ട്. പാർസലുകൾ കയറ്റുന്നതും ഇറക്കുന്നതും അതാത് കമ്പനികളുടെ ഉത്തരവാദിത്തമാണ്. റെയിൽവേയുടെതല്ലെന്നും റെയിൽവേ ട്വീറ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.