എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള കരിയറായി മാറിയ വ്ലോഗിങ് ഇന്‍ഡസ്ട്രിയിൽ പിടിച്ചുനിൽക്കുക പ്രയാസമുള്ള കാര്യമാണ്. കാഴ്ചക്കാരെ പിടിച്ചുനിർത്തുന്ന തരത്തിലുള്ള കണ്ടന്‍റുകൾ നിരന്തരം പോസ്റ്റ് ചെയ്താൽ മാത്രമേ വ്ലോഗർമാർക്ക് സജീവമായി നിൽക്കാൻ സാധിക്കൂ. ഇത്തരത്തിൽ വൈറലാകാന്‍ ചെറു വിമാനം തകർത്തിരിക്കുകയാണ് ഒരു യൂട്യൂബ് വ്ലോഗർ.
'ഞാനെന്‍റെ വിമാനം തകർത്തു' എന്ന തലക്കെട്ടോടെ ട്രെവർ ജേക്കബ് എന്ന യൂടൂബർ 12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തു. ജേക്കബ് വിമാനം പറത്തുന്നതും ആകാശത്തുനിന്ന് ഇയാൾ വിമാനത്തിൽനിന്ന് പുറത്ത് ചാടുന്നതും കാണാം. വിമാനം നിലത്തുവീഴുന്നതടക്കം വിവിധ ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരിച്ചിട്ടുണ്ട്.
വിഡിയോ 2 ദശലക്ഷത്തിലധികം പേർ കണ്ടെങ്കിലും സംഗതി അവിടെകൊണ്ടൊന്നും അവസാനിച്ചില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്‍ കേസ് രജിസ്റ്റർചെയുകയും ജേക്കബിന്‍റെ ഫ്ലൈയിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്തു. പറക്കുന്നിതിനിടെ വൈദ്യുതി നഷ്ടപ്പെട്ടതിനാലാണ് വിമാനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നതെന്ന് ജേക്കബ് ഏവിയേഷന് മൊഴി നൽകിയെങ്കിലും വിമാനത്തിനുള്ളിൽ ഒന്നിലധികം ക്യാമറകൾ സ്ഥാപിച്ച് വൈറലാകാന്‍ വേണ്ടി ഇയാൾ മുന്‍കൂട്ടി ആസൂത്രണം ചെയ്ത അപകടമായിരുന്നെന്ന് എഫ്.എ.എ വ്യക്തമാക്കുന്നു.
തെളിവുകൾ വിശദീകരിക്കുന്ന ഒരു കത്തും എഫ്.എ.എ യൂട്യൂബർക്ക് അയച്ചിട്ടുണ്ട്. ഒരു വർഷത്തേക്ക് ഫ്ലൈയിങ് ലൈസൻസിന് അപേക്ഷിക്കാൻ കഴിയില്ലെന്നാണ് എഫ്.എ.എ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.