രാജ്യത്തിന്റെ ഒളിമ്പിക് സ്വപ്നങ്ങൾക്ക് തിരിച്ചടി; സ്കോളർഷിപ് അല്ലാത്ത എല്ലാ ഗ്രാന്റുകളും നിർത്തിവെച്ചു

ന്യൂഡൽഹി: പ്രസിഡന്റ് പി.ടി. ഉഷയും മറ്റു ഭാരവാഹികളും തമ്മിൽ തർക്കം മൂർച്ഛിച്ചതിന് പിന്നാലെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ഫണ്ടിങ് നിർത്തിവെക്കാനുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തീരുമാനം ശരിക്കും പ്രയാസപ്പെടുത്തുക രാജ്യത്തിന്റെ ഒളിമ്പിക് സ്വപ്നങ്ങളെ. നേരിട്ട് താരങ്ങൾക്ക് നൽകുന്ന സ്കോളർഷിപ് അല്ലാത്ത എല്ലാ ഗ്രാന്റുകളും നിർത്തിവെക്കുകയാണെന്നാണ് അറിയിപ്പ്.

ഒളിമ്പിക് മോഹങ്ങൾ ഇനിയുമേറെ ചിറകുവെക്കാനുള്ള രാജ്യത്ത് താരങ്ങളെ വളർത്തിയെടുക്കുന്നതിൽ സുപ്രധാനമായ ഒളിമ്പിക് കമ്മിറ്റി ഫണ്ടുകൾ പ്രശ്നം പരിഹരിക്കപ്പെടുംവരെ പൂർണമായി നിലക്കും. ഇതാകട്ടെ, രാജ്യാന്തര മത്സരങ്ങളിൽ മെഡൽ നേട്ടം സ്വപ്നം കാണുന്ന താരങ്ങളുടെ വിദഗ്ധ പരിശീലനത്തിന് ആവശ്യമായ സാമ്പത്തിക സ്രോതസ്സ് മുടക്കും. എല്ലാ രാജ്യങ്ങളിലെയും ഒളിമ്പിക് സമിതികൾക്ക് ഇത്തരത്തിൽ ഐക്യദാർഢ്യ ഫണ്ട് നൽകിവരുന്നുണ്ട്. കായിക താരങ്ങളുടെ വളർച്ചക്ക് തുക ഉപയോഗപ്പെടുത്തണമെന്നാണ് ചട്ടം.

കഴിഞ്ഞ നാലു വർഷങ്ങളിൽ പ്രതിവർഷം 8.50 കോടി രൂപ വീതം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ലഭിച്ചിട്ടുണ്ട്. ഉഷയും എക്സിക്യൂട്ടിവ് ബോർഡിലെ 12 അംഗങ്ങളും തമ്മിലെ പടലപ്പിണക്കം രൂക്ഷമായ സാഹചര്യത്തിൽ ഒക്ടോബർ 25ന് അസോസിയേഷൻ പ്രത്യേക ജനറൽ ബോഡി വിളിച്ചിട്ടുണ്ട്. അസോസിയേഷനിലെ തര്‍ക്കങ്ങള്‍ക്കിടെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ (ഐ.ഒ.എ) ആദ്യ വനിത പ്രസിഡന്റായി ചുമതലയേറ്റ് രണ്ടുവര്‍ഷം തികയുംമുമ്പാണ് ഉഷക്കെതിരെ പടയൊരുക്കം. 25ലെ പ്രത്യേക ജനറൽ ബോഡിയിൽ ഉഷക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് ചൗബേ ഉത്തരവിറക്കിയിരുന്നു. എന്നാൽ, യോഗം വിളിക്കാൻ അധികാരമില്ലെന്ന് ഉഷയും നിലപാടെടുത്തിട്ടുണ്ട്. രഘുറാം അയ്യരെ സി.ഇ.ഒ ആയി നിയമിച്ചത് ജനുവരി അഞ്ചിലെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരത്തോടെയാണെന്ന് ഉഷ പറയുന്നുണ്ടെങ്കിലും വിമതപക്ഷം അംഗീകരിക്കാൻ തയാറായിട്ടില്ല. അതിനിടെ, റിലയൻസുമായി തെറ്റായ സ്പോൺസർഷിപ് കരാർ കാരണം 24 കോടിയുടെ നഷ്ടം വരുത്തിയെന്നതടക്കം ഉഷക്കെതിരെ മറുപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നു. ഇതും അവർ തള്ളുന്നുണ്ട്.

അതിനിടെ, പോർമുഖം കൂടുതൽ തുറന്ന് വിമതപക്ഷം നിയോഗിച്ച ആക്ടിങ് സി.ഇ.ഒ കല്യാൺ ചൗബെയുടെ ഒരു ഇടപെടലും അംഗീകരിക്കരുതെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജീവനക്കാർക്ക് പി.ടി. ഉഷ നിർദേശം നൽകിയിട്ടുണ്ട്. വിമതപക്ഷത്തെ ട്രഷറർ സഹദേവ് യാദവ്, സീനിയർ വൈസ് പ്രസിഡന്റ് അജയ് പട്ടേൽ, വൈസ് പ്രസിഡന്റ് ഗഗൻ നാരങ് എന്നിവർ ചേർന്നാണ് ചൗബെയെ നിയമിച്ചിരുന്നത്. രഘുറാം അയ്യരാണ് ജനുവരി അഞ്ച് മുതൽ ഔദ്യോഗിക സി.ഇ.ഒയെന്നും അവർ ജനുവരി 15ന് ചുമതലയേറ്റിട്ടുണ്ടെന്നും ഉഷ നൽകിയ ഔദ്യോഗിക കത്തിൽ പറയുന്നു.

Tags:    
News Summary - A setback to the state's Olympic dreams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.