ആശാൻമാരെ പഠിപ്പിക്കാൻ അബൂദബി

കായിക മേഖലയ്ക്ക് ഉണര്‍വേകാനും പുത്തന്‍ സാധ്യതകളിലേക്ക് ജനങ്ങളെ കൈപ്പിടിച്ചുയര്‍ത്താനും വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്ന അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മറ്റൊരു കര്‍മപരിപാടിയുമായി രംഗത്തെത്തുന്നു. 12 വിവിധ കായിക ഇനങ്ങളിലേക്ക് പരിശീലകരെ വളര്‍ത്തിയെടുക്കുന്നതിനായി അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പദ്ധതിയാരംഭിച്ചിരിക്കുകയാണ്. ഫുട്‌ബാൾ, വോളിബാൾ, ബാസ്‌ക്കറ്റ്‌ബാൾ, ഹാന്‍ഡ്ബാൾ, വാട്ടര്‍ സ്‌പോര്‍ട്‌സ്, സൈക്ലിങ്, അത്ലറ്റിക്‌സ്, ഫെന്‍സിങ്, വെയിറ്റ് ലിഫ്റ്റിങ്, റാക്കറ്റ് ഗെയിംസ്, ആര്‍ച്ചറി, ജൂഡോ എന്നീ മേഖലകളിലാണ് പരിശീലകരെ വളര്‍ത്തിയെടുക്കുന്നത്. നാലുഘട്ടങ്ങളിലായാണ് പരിശീലനം. ശിശു സുരക്ഷ, പ്രഥമശുശ്രൂഷ, ആന്‍ഡി ഡോപിങ് എന്നിവ ഉള്‍പ്പെടുന്നതാണ് പ്രഥമഘട്ടം. ബന്ധപ്പെട്ട അധികൃതരുടെ അംഗീകാരമുള്ള സ്‌പെഷലൈസ്ഡ് ക്ലാസാണ് രണ്ടാം ഘട്ടം. റിഫ്രഷര്‍ കോഴ്‌സ്, തുടര്‍വിദ്യാഭ്യാസം എന്നിവ മൂന്നാം ഘട്ടത്തിലും യൂറോപ്യന്‍ ക്ലബ്ബുകളിലെ പ്രായോഗികതാ അനുഭവം പരിശീലക കോഴ്‌സിലെ അന്തിമഘട്ടവുമാണ്.

എമിറേറ്റിലെ വിദഗ്ധരായ പരീശലകരുടെയും സാങ്കേതിക ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു പരിപാടി. വിദ്യാഭ്യാസ മന്ത്രാലയം, അബൂദബി മറ്റേണിറ്റി ആന്‍ഡ് ചൈല്‍ഡ്ഹുഡ് അതോറിറ്റി, നാഷനല്‍ ആന്‍റി ഡോപിങ് കമ്മിറ്റി, നാഷനല്‍ ആംബുലന്‍സ് എന്നിവയുമായി സഹകരിച്ചാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. പുരുഷന്‍മാരും സ്ത്രീകളുമായി 400ഓളം പരിശീലകര്‍ക്ക് ലൈസന്‍സും സര്‍ട്ടിഫിക്കറ്റും നല്‍കാനാണ് അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ ലക്ഷ്യം.പരിശീലന പരിപാടിക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ സന്തോഷവാൻമാരാണെന്ന് അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്‍റ് സെക്ടര്‍ എസ്‌കിക്യൂട്ടീവ് ഡയരക്ടര്‍ തലാല്‍ അല്‍ ഹാഷിമി പറഞ്ഞു. സര്‍ട്ടിഫിക്കറ്റും ലൈസന്‍സുമുള്ള സാങ്കേതിക വിദഗ്ധരെ വാര്‍ത്തെടുക്കാനുള്ള ലക്ഷ്യമാണ് പദ്ധതിക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

എമിറേറ്റിലെ കുരുന്നുകള്‍ക്കും യുവ തലമുറയ്ക്കുമായി അബൂദബി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പൈതൃക കായിക പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്. അബൂദബി ഫാല്‍കണേഴ്‌സ്, മറൈന്‍ സ്‌പോര്‍ട്‌സ്, ഇക്വേസ്ട്രിയന്‍ ക്ലബ്‌സ് തുടങ്ങിയവയുമായി സഹകരിച്ചാണ് യു.എ.ഇയുടെ സാംസ്‌കാരിക, പൈതൃക സ്‌പോര്‍ട്‌സുകളില്‍ പരിശീലനം നല്‍കിവരുന്നത്. എമിറേറ്റ് ഫൗണ്ടേഷന്‍ ഫോര്‍ എജ്യുക്കേഷനുമായി സഹകരിച്ച് ചെറിയ കുട്ടികള്‍ക്കായി കരയാത്രകള്‍, മറൈന്‍ സ്‌പോര്‍ട്‌സ്, കുതിരയോട്ടം മുതലായവയാണ് പരിശീലിപ്പിക്കുന്നത്. അബൂദബി മറൈന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിലെ അല്‍ ശെറാസ് സ്‌കൂളില്‍ മെയില്‍ അബൂദബി മറൈന്‍ പദ്ധതി, അബൂദബി ഇക്വേസ്ട്രിയന്‍ ക്ലബില്‍ ദ റൈഡേഴ്‌സ് പദ്ധതി തുടങ്ങിയവയില്‍ വിവിധ ഘട്ടങ്ങളായുള്ള പരിശീലനം നല്‍കി വരികയാണ്.

മുമ്പ് പ്രാദേശിക കായിക വിനോദങ്ങളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അബൂദബിയില്‍ അധികൃതര്‍ പുതിയ സംവിധാനം വികസിപ്പിച്ചിരുന്നു. കായികമേഖലയുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വാദം കേള്‍ക്കുന്നതിനും പ്രത്യേക സൗകര്യമൊരുക്കുകയെന്നതാണ് കാതലായ തീരുമാനം. കായിക വിനോദങ്ങള്‍ക്കിടയിലുണ്ടാവുന്ന പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടുകയും പരിഹരിക്കുകയും ചെയ്യുക, തര്‍ക്കരഹിത കായികസംസ്‌കാരം വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണുള്ളത്. അബൂദബി സി.എ.എസ് ആള്‍ട്ടര്‍നേറ്റിവ് ഹിയറിങ് സെന്‍ററും എമിറേറ്റ്‌സ് സ്‌പോര്‍ട്‌സ് ആര്‍ബിട്രേഷന്‍ സെന്‍ററുമായുള്ള കരാര്‍ പ്രകാരമാണ് സംവിധാനം പ്രാബല്യത്തില്‍ വരുത്തിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമ സേവനമാണ് ലഭ്യമാവുന്നത്. ഇതിനായി കായികമേഖലയുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വാദം കേള്‍ക്കുന്നതിനും പ്രത്യേക സൗകര്യവുണ്ട്.

Tags:    
News Summary - Abu Dhabi Sports Council project to develop sports coaches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.