മരണം അടുത്തുണ്ടായിരുന്നു, സിംഹത്തെ പോലെ തിരിച്ചുവന്നു!; ആ താരത്തെ സ്വന്തമാക്കാന്‍ ആഴ്‌സണല്‍

മരണത്തെ മുഖാമുഖം കണ്ടു!. മുഖത്തെ എല്ലുകള്‍ക്കെല്ലാം പൊട്ടലുണ്ടായിരുന്നു. പതിനെട്ട് സ്‌ക്രൂ എന്റെ താടിയെ താങ്ങി നിര്‍ത്തി. വേദന കാരണം ഉറങ്ങാനായില്ല, ദിവസങ്ങളോളം. ഭക്ഷണത്തോടൊപ്പം വേദനയെയും ഇറക്കേണ്ടി വന്നു. പക്ഷേ, എനിക്കറിയാമായിരുന്നു. ഒരു ദിവസം ഞാന്‍ സിംഹത്തെ പോലെ തിരിച്ചു വരുമെന്ന്. എന്റെ മനോവീര്യത്തെ കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം എത്ര ദിവസം കൊണ്ട് കളിക്കളത്തില്‍ തിരിച്ചെത്താനാകുമെന്നത് എന്റെ മനസില്‍ ഞാന്‍ ഷെഡ്യൂള്‍ ചെയ്ത് വെച്ചിരുന്നു - നൈജീരിയന്‍ സ്‌ട്രൈക്കര്‍ വിക്ടര്‍ ഒസിംഹെന്റെ വാക്കുകള്‍.

2021 നവംബറിലാണ് ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാനെതിരെ കളിക്കുമ്പോള്‍ നാപോളി സ്‌ട്രൈക്കര്‍ വിക്ടറിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഇന്റര്‍മിലാന്റെ ഡിഫന്‍ഡര്‍ സ്‌ക്രീനിയറിന്റെ തലയുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് പേര്‍ക്കും പരിക്കേറ്റെങ്കിലും വിക്ടറിന്റെത് ഗൗരവമേറിയതായി.

 


പതിനെട്ട് ഗോളുകളുമായി തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുമ്പോഴാണ് പരിക്കേറ്റത്. കരിയര്‍ തന്നെ അവസാനിച്ചുവെന്ന ഘട്ടത്തില്‍ നിന്ന് നൈജീരിയന്‍ താരം തിരിച്ചുവന്നിരിക്കുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആഴ്‌സണല്‍ വിക്ടറിനെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ്.

നാപോളിയില്‍ രണ്ട് സീസണുകളിലായി 28 ഗോളുകളാണ് വിക്ടര്‍ സ്‌കോര്‍ ചെയ്തത്. ഇറ്റാലിയന്‍ ലീഗില്‍ പുറത്തെടുത്ത മികവ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും ശ്രദ്ധയിലുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിടുകയാണെങ്കില്‍ പകരക്കാരനായി നൈജീരിയന്‍ താരത്തെ യുനൈറ്റഡ് ലക്ഷ്യമിടുന്നു. വിക്ടറിനെ അത്ര എളുപ്പത്തില്‍ വിട്ടുകൊടുക്കാന്‍ നാപോളി തയ്യാറാകില്ല. ഏകദേശം നൂറ് ദശലക്ഷം യൂറോയാണ് നാപോളി ആഫ്രിക്കന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക് നല്‍കുന്ന പ്രൈസ് ടാഗ്.

Tags:    
News Summary - Arsenal-linked Osimhen relives horror ‘near-death’ injury at Napoli that left him with 18 screws in his jaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.