ഹൈദരാബാദ്: 2024 അവസാനിക്കാൻ ഇനി ഒരു മാസവും ഏതാനും ദിവസങ്ങളുമാണ് ബാക്കി. ഇന്ത്യൻ ഫുട്ബാൾ ടീമിനെ സംബന്ധിച്ച് ഓർക്കാൻ ആഗ്രഹിക്കാത്ത വർഷമാണ് കടന്നുപോവുന്നത്. പത്ത് മത്സരങ്ങൾ കളിച്ചിട്ടും ഒന്നിൽപോലും ജയിക്കാൻ ബ്ലൂ ടൈഗേഴ്സിനായില്ല. ഈ കൊല്ലത്തെ അവസാന പോരാട്ടത്തിന് ഇന്ത്യ തിങ്കളാഴ്ച ഇറങ്ങുകയാണ്. ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ രാത്രി 7.30ന് നടക്കുന്ന സൗഹൃദ മത്സരത്തിൽ മലേഷ്യയാണ് എതിരാളികൾ.
പുതിയ പരിശീലകൻ മനോലോ മാർക്വേസിന് കീഴിൽ ഇന്ത്യ കളിക്കുന്ന നാലാമത്തെ മത്സരമാണിത്. ഇന്റർ കോണ്ടിനന്റൽ കപ്പിൽ സിറിയയോട് കനത്ത തോൽവി ഏറ്റുവാങ്ങി കിരീടം നഷ്ടമായതിന് പിന്നാലെ വിയറ്റ്നാമിനെതിരായ സൗഹൃദ മത്സരം സമനിലയിലായി. സുനിൽ ഛേത്രിയുടെ വിരമിക്കലുണ്ടാക്കിയ വിടവ് നികത്താൻ ഇനിയും ഇന്ത്യക്കായിട്ടില്ല. പ്രതിരോധത്തിലെ കുന്തമുന സന്ദേശ് ജിങ്കാൻ പത്ത് മാസത്തെ ഇടവേളക്കുശേഷം ടീമിൽ തിരിച്ചെത്തിയത് വലിയ ആശ്വാസമാണ്. ലെഫ്റ്റ് ബാക്ക് ജയ് ഗുപ്തയും ടീമിനൊപ്പം ചേർന്നു. മുന്നേറ്റനിരയിൽനിന്ന് വിക്രംപ്രതാപ് സിങ്ങും മധ്യനിരയിൽനിന്ന് അനിരുദ്ധ് ഥാപ്പയും പ്രതിരോധത്തിൽ നിന്ന് ആകാശ് സാങ് വാനും ആശിഷ് റായിയും പരിക്കേറ്റ് പിൻവാങ്ങിയത് ആശങ്കയുയർത്തുന്നു.
മലയാളികളായ കേരള ബ്ലാസ്റ്റേഴ്സ് മിഡ്ഫീൽഡർ വിബിൻ മോഹനനും നോർത്ത് ഈസ്റ്റ് യുനൈറ്റഡ് വിങ്ങർ എം.എസ്. ജിതിനും അരങ്ങേറ്റം കാത്ത് ടീമിലുണ്ട്. ലാലിൻസുവാല ചാങ്തെയും ഫാറൂഖ് ചൗധരിയും മുന്നേറ്റം നയിക്കും. ഗോൾ പോസ്റ്റിൽ പരിചയസമ്പന്നനായ ഗുർപ്രീത് സിങ് സന്ധുവുമുണ്ട്.
പ്രതിരോധത്തിൽ ജിങ്കാന് കൂട്ടായി അൻവർ അലിയും രാഹുൽ ഭേകെയുമിറങ്ങും. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 125ാം സ്ഥാനത്താണ്, മലേഷ്യ 133ലും. ചരിത്രത്തിൽ ഇന്ത്യ ഏറ്റവുമധികം ഏറ്റുമുട്ടിയത് മലേഷ്യയോടാണ്, 32 തവണ. 12 മത്സരങ്ങൾ വീതം ഇരുടീമും ജയിച്ചപ്പോൾ ബാക്കി എട്ടെണ്ണം സമനിലയിലായി.
സൗഹൃദ ഫുട്ബോൾ മത്സരം സ്പോട്സ് 18 നെറ്റ്വർക്കിൽ സംപ്രേക്ഷണം ചെയ്യും . മത്സരം ജിയോ സിനിമ ആപ്പിലും വെബ്സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യും .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.