മിലാൻ: യുവേഫ നാഷൻസ് ലീഗിൽ ഇറ്റലിയെ വീഴ്ത്തി ഫ്രാൻസ് പട്ടികയിൽ ഒന്നാമതെത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അസൂറിപ്പടയെ തുരത്തിയത്. അഡ്രിയാൻ റബിയോട്ട് ഇരട്ടഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ ഇറ്റാലിയൻ ഗോൾ കീപ്പർ വികാരിയോയുടെ (സെൽഫ്) വകയായിരുന്നു. അൻഡ്രിയ കാംബിയാസോയാണ് ഇറ്റലിയുടെ ആശ്വാസ ഗോൾ നേടിയത്.
മിലാനിലെ സാൻസിറോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ ഫ്രാൻസ് ലീഡെടുത്തു. ലൂക്കാസ് ഡിഗ്‌നെയുടെ കോർണർ കിക്കിൽ അഡ്രിയൻ റാബിയോട്ട് ഹെഡ് ചെയ്ത് വലയിലാക്കി(1-0).
33ാം മിനിറ്റിൽ ക്രിസ്റ്റഫർ എൻകുങ്കുവിനെ ഡേവിഡ് ഫ്രാറ്റെസി ഇറ്റലി ബോക്‌സിന് പുറത്ത് വീഴ്ത്തിയതിന് ഫ്രാൻസിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. ലൂക്കാസ് ഡിഗ്‌നെ തൊടുത്തുവിട്ട ഫ്രീകിക്ക് ഗോൾപോസ്റ്റ് ബാറിന്റെ അടിവശം തട്ടി ഗോൾ കീപ്പറുടെ മുതുകിൽ തട്ടിയാണ് വലയിലെത്തിയത്. ഡിഗ്‌നെയുടെ ഗോളാണ് ആദ്യം പരിഗണിച്ചെങ്കിലും പിന്നീട് അത് സെൽഫ് ഗോളായി വിധിക്കുകായയിരുന്നു(2-0).
രണ്ടുമിനിറ്റിനകം കമ്പിയാസോയിലൂടെ ഇറ്റലി ആദ്യ ഗോൾ കണ്ടെത്തിയതോടെ കളി വീണ്ടും ചൂടുപിടിച്ചു. ടച്ച് ലൈനിനരികിൽ നിന്ന് ഡിമാർകോ നൽകിയ ക്രോസ് കാംബിയാസോയുടെ ഇടങ്കാലൻ ഫിനിഷ് (2-1).
രണ്ടാം പകുതിയിൽ 65ാം മിനിറ്റിൽ ഡിഗ്നെ തൊടുത്തുവിട്ട മറ്റൊരു ഫ്രീകിക് മനോഹരമായ ഹെഡറിലൂടെ വീണ്ടും റബിയോട്ട് വലയിലാക്കി(3-1).
ജയത്തോടെ ഫ്രാൻസ് ഇറ്റലിയെ പിന്തള്ളി ഗ്രൂപ് 2 പട്ടികയിൽ ഒന്നാമതെത്തി. ഇറ്റലിക്കും ഫ്രാൻസിനും 13 പോയിന്റാണെങ്കിലും ഗോൾ ശരാശരിയുടെ വ്യത്യാസത്തിൽ ഇറ്റലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.