നേഷൻസ് ലീഗിൽ ഗോൾ മഴ! ഏഴടിച്ച് ജർമനിക്ക് റെക്കോഡ് ജയം; നാലടിച്ച് ഡെച്ച് പട

ഫ്രീബർഗ്: യുവേഫ നേഷൻസ് ലീഗിൽ കരുത്തരായ ജർമനിക്കും നെതർലൻഡ്സിനും തകർപ്പൻ ജയം. ഗ്രൂപ്പ് റൗണ്ടിലെ അഞ്ചാം മത്സരത്തിൽ ജർമനി ഏകപക്ഷീയമായ ഏഴു ഗോളുകൾക്കാണ് ദുർബലരായ ബോസ്നിയ ഹെർസഗോവിനയെ തരിപ്പണമാക്കിയത്.

ടൂർണമെന്‍റിന്‍റെ ആറു വർഷത്തെ ചരിത്രത്തിൽ പുരുഷന്മാരുടെ മത്സരത്തിൽ ഒരു ടീം ഏഴു ഗോളുകൾ നേടുന്നത് ആദ്യമാണ്. ടിം ക്ലെയിൻഡിയൻസ്റ്റ്, ഫ്ലോറിയൻ വിര്‍ട്‌സ് എന്നിവര്‍ ജർമനിക്കായി ഇരട്ട ഗോളുകളുകളുമായി തിളങ്ങി. ജമാൽ മൂസിയാല, കായ് ഹാവെര്‍ട്‌സ്, ലിറോയ് സാനെ എന്നിവരും വലകുലുക്കി. ജർമൻപട നേരത്തെ തന്നെ ക്വാർട്ടർ ബർത്ത് ഉറപ്പിച്ചിരുന്നു.

മത്സരത്തിന്‍റെ തുടക്കം മുതൽ ഒടുക്കംവരെ ജർമൻപടയുടെ ആധിപത്യമായിരുന്നു. രണ്ടാം മിനിറ്റിൽ തന്നെ മൂസിയാലയിലൂടെ ജർമനി ഗോൾവേട്ട തുടങ്ങി. ജോഷ്വാ കിമ്മിച്ചിന്‍റെ ക്രോസ് താരം ഹെഡ്ഡറിലൂടെ വലയിലാക്കി. 23ാം മിനിറ്റിൽ ക്ലെയിൻഡിയൻസ്റ്റ് ലീഡ് വർധിപ്പിച്ചു. ജര്‍മൻ ജഴ്‌സിയില്‍ 29കാരന്‍റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. റോബർട്ട് ആൻഡ്രിച്ചാണ് ഗോളിന് വഴിയൊരുക്കിയത്.

37ാം മിനിറ്റിൽ ഹാവെർട്സും വല ചലിപ്പിച്ചു. ഫ്ലോറിയൻ വിര്‍ട്‌സാണ് അസിസ്റ്റ് നൽകിയത്. 3-0ത്തിനാണ് ഇടവേളക്ക് പിരിഞ്ഞത്. 50, 57 മിനിറ്റുകളിലായിരുന്നു വിര്‍ട്‌സിന്‍റെ ഇരട്ട ഗോളുകൾ. 66ാം മിനിറ്റില്‍ സാനെയും 79ാം മിനിറ്റില്‍ ക്ലെയിൻഡിയൻസ്റ്റും ഗോൾ പട്ടിക പൂർത്തിയാക്കി. നാലാം ജയത്തോടെ ജർമനി ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഹംഗറിക്കെതിരെയാണ് ഗ്രൂപ്പിലെ അവസാന മത്സരം.

ഗ്രൂപ്പ് എ ത്രീയിലെ മറ്റൊരു മത്സരത്തില്‍ നെതര്‍ലൻഡ്‌സ് മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് ഹംഗറിയെ വീഴ്ത്തി.

വൗട്ട് വെഗോര്‍സ്റ്റ്, കോഡി ഗാപ്‌കോ, ഡെൻസല്‍ ഡംഫ്രൈസ്, ടിയോണ്‍ കോപ്‌മെയിനേഴ്‌സ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ജയത്തോടെ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി നെതര്‍ലൻഡ്‌സും നേഷൻസ് ലീഗിന്‍റെ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പിലെ ആദ്യരണ്ടു ടീമുകൾക്കാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത ലഭിക്കുന്നത്.

Tags:    
News Summary - UEFA Nations League: Germany, Netherlands won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.