ന്യൂഡൽഹി: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയുമായി എയ്ഡൻ മാർക്രം. സെഞ്ച്വറികളുമായി ക്വിന്റൺ ഡി കോക്കും റാസി വാൻ ഡെർ ഡ്യൂസനും. ശ്രീലങ്കക്കെതിരായ മത്സരത്തിൽ റൺമല കയറിയ ദക്ഷിണാഫ്രിക്കക്ക് 102 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ലോകകപ്പിലെ എറ്റവും വലിയ സ്കോറായ 428 റൺസ് അടിച്ചൂകൂട്ടി. അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്നു ദക്ഷിണാഫ്രിക്ക വൻ സ്കോറിലെത്തിയത്. മറുപടി ബാറ്റിങ്ങിൽ പൊരുതിയ ലങ്ക 44.5 ഓവറിൽ 326 റൺസിന് എല്ലാവരും പുറത്തായി.
49 പന്തിൽ സെഞ്ച്വറി തികച്ച മാർക്രം 106 റൺസ് നേടി. ഓപണറായ ഡികോക് 84 പന്തിൽ നൂറ് റൺസും ഡ്യുസൻ 110 പന്തിൽ 108 റൺസും നേടി. 2015ൽ അഫ്ഗാനിസ്താനെതിരെ ആസ്ട്രേലിയ നേടിയ ഏഴിന് 417 റൺസായിരുന്നു ഏകദിന ലോകകപ്പിലെ ഇതുവരെയുള്ള ഉയർന്ന ടീം ടോട്ടൽ. 2011ൽ 50 പന്തിൽനിന്ന് നൂറു തികച്ച അയർലൻഡ് താരം കെവിൻ ഒബ്രിയാന്റെ നേട്ടമാണ് മാർക്രം മറികടന്നത്.
ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനകക്ക് പിന്നീട് നിരാശയുടെ നിമിഷങ്ങളാണ് ദക്ഷിണാഫ്രിക്ക സമ്മാനിച്ചത്. ആദ്യ പത്തോവറിൽ 94 റൺസ് പിറന്നു. 12 ഫോറും മൂന്ന് സിക്സുമടക്കമാണ് ഡികോക്ക് നൂറ് റൺസ് നേടിയത്. ടെംബ ബാവുമ എട്ട് റൺസിന് പുറത്തായി. 110 പന്തിൽ 13 ഫോറും രണ്ട് സിക്സുമടക്കമാണ് ഡ്യൂസൻ റൺസ് വാരിക്കൂട്ടിയത്.
കരിയറിലെ അഞ്ചാം ഏകദിന സെഞ്ച്വറിയാണിത്. ലങ്കയുടെ മതീഷ പതിരന പത്തോവറിൽ 95ഉം കസുൻ രജിതയും ദിൽഷൻ മധുഷങ്ക 90 വീതവും സ്പിന്നർ ദുനിത് വെല്ലാലഗെ 81ഉം റൺസ് വഴങ്ങി. ഏകദിനത്തിൽ എട്ടാം തവണയാണ് ദക്ഷിണാഫ്രിക്ക 400 റൺസിലധികം നേടുന്നത്. ലോകകപ്പിൽ ഇതാദ്യമായാണ് ലോകകപ്പിൽ ഒരിന്നിങ്സിൽ മൂന്ന് ബാറ്റർമാർ സെഞ്ച്വറി തികക്കുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക പൊരുതിയാണ് കീഴടങ്ങിയത്. ചരിത് അസലങ്ക 79ഉം കുശാൽ മെൻഡിസ് 76ഉം റൺസ് നേടി. ക്യാപ്റ്റൻ ധസുൻ ഷനക 68 റൺസ് നേടി. ജെറാൾഡ് ക്യുറ്റ്സി മൂന്ന് വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.