കുറച്ചു നാളുകളായി നേരിയ പരിക്കുണ്ടെങ്കിലും ഏഷ്യൻ ഗെയിംസിൽ സ്വർണം നിലനിർത്താനിറങ്ങുമ്പോൾ മറ്റു ചിന്തകളില്ലെന്ന് ഇന്ത്യയുടെ ജാവലിൻ ഇതിഹാസം നീരജ് ചോപ്ര. പരിക്കിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ലോക ഒളിമ്പിക് ചാമ്പ്യൻ വ്യക്തമാക്കി. സ്വിറ്റ്സർലൻഡിലെ വിശ്രമത്തിനും പരിശീലനത്തിനും ശേഷം ഹാങ്ചോയിലെത്തിയത് സ്വർണം ലക്ഷ്യമിട്ടുതന്നെയാണെന്ന് നീരജ് എതിരാളികൾക്ക് മുന്നറിയിപ്പ് നൽകുന്നു.
തുടയുടെ ഞരമ്പിന് പരിക്കുണ്ടായിരുന്ന നീരജ് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ല. ഞരമ്പിന്റെ പ്രശ്നം തുടരുകയാണെന്നും അന്താരാഷ്ട്ര തലത്തിൽ മത്സരിക്കുന്ന അത്ലറ്റുകൾക്ക് ഇത് പതിവാണെന്നും നീരജ് ചോപ്ര പറഞ്ഞു. ലോക ചാമ്പ്യൻഷിപ്പിനിടെ പരിക്കിൽനിന്ന് മനസ്സു മാറ്റാനും ത്രോയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിക്കുകയായിരുന്നുവെന്ന് ലോകചാമ്പ്യൻ പറഞ്ഞു. പരിശീലന സമയത്തുപോലും ഫുൾ റൺ അപ്പിൽ എറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യൻ താരം വെളിപ്പെടുത്തുന്നു.
കഴിഞ്ഞ ദിവസവും സ്റ്റേഡിയത്തിൽ പോയിരുന്നതായും മഴ മാറിനിൽക്കുമെന്നാണ് പ്രതീക്ഷയെന്നും ബുധനാഴ്ച ഫൈനലിനിറങ്ങുന്ന ചോപ്ര പറഞ്ഞു. ഏത് രാജ്യക്കാരായാലും കളത്തിനകത്തും പുറത്തും പരസ്പര ബഹുമാനവും പ്രോത്സാഹനം മാത്രമേയുള്ളൂവെന്ന് എതിരാളിയായ പാകിസ്താന്റെ അർഷാദ് നദീമിനെക്കുറിച്ച് ചോദിച്ചപ്പോൾ ചോപ്ര പറഞ്ഞു. സെപ്റ്റംബർ 16ന് യു.എസിലെ യൂജിനിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനൽ മത്സരത്തിൽ താൻ രണ്ടാമതായിരുനു നീരജ്. ഈ മത്സരത്തിൽ സ്വന്തം ജാവലിൻ കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്നും ഇന്ത്യൻ താരം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.