അഡലെയ്ഡ്: ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്താനെ തോൽപിച്ചിട്ടും ആതിഥേയരായ ആസ്ട്രേലിയയുടെ സെമി സാധ്യത അനിശ്ചിതത്വത്തിൽ. നാളെ നടക്കുന്ന കളിയിൽ ഇംഗ്ലണ്ട് ശ്രീലങ്കയെ തോൽപിച്ചാൽ ആസ്ട്രേലിയക്ക് പുറത്തേക്കുള്ള വഴി തുറക്കും. ഇംഗ്ലണ്ട് വൻ മാർജിനിൽ തോറ്റാൽ മാത്രമേ ആതിഥേയർക്ക് സെമി സാധ്യതയുള്ളൂ.
അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ അഫ്ഗാനിസ്താനെ നാല് റൺസിനാണ് ഓസീസ് കീഴടക്കിയത്. 169 റൺസ് വിജയലക്ഷ്യമിട്ടിറങ്ങിയ അഫ്ഗാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണെടുത്തത്. അവസാന ഓവറിൽ ജയിക്കാൻ 22 റൺസ് വേണ്ടിയിരുന്ന സന്ദർശകർക്ക് 17 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഒരു ഘട്ടത്തിൽ അഫ്ഗാനിസ്താൻ അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിച്ചെങ്കിലും ഓസീസ് ബൗളർമാരുടെ ആക്രമണത്തിൽ അവിശ്വസനീയമായി തകരുകയായിരുന്നു. 13 ഓവറിൽ രണ്ടിന് 98 എന്ന നിലയിൽനിന്ന് 14.3 ഓവറിൽ ആറിന് 103 എന്ന നിലയിലേക്ക് അഫ്ഗാൻ വീണു. തുടർന്ന് റാഷിദ് ഖാൻ നടത്തിയ പോരാട്ടമാണ് പ്രതീക്ഷ നൽകിയത്. റാഷിദ് 23 പന്തിൽ നാല് സിക്സും മൂന്ന് ഫോറും സഹിതം പുറത്താവാതെ 48 റൺസ് നേടി. അഫ്ഗാന് വേണ്ടി ഗുൽബദൻ നായിബ് 23 പന്തിൽ 39ഉം ഓപണർ റഹ്മത്തുല്ല ഗുർബാസ് 17 പന്തിൽ 30ഉം റൺസെടുത്തു. ഇബ്രാഹിം സദ്റാൻ 26 റൺസ് നേടി. ആസ്ട്രേലിയക്കായി ജോഷ് ഹേസൽവുഡ്, ആദം സാംബ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കെയ്ൻ റിച്ചാർഡ്സൻ ഒരു വിക്കറ്റെടുത്തു.
സെമിയിലെത്താൻ ജയം അനിവാര്യമായിരുന്ന ആസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് നേടിയത്. 32 പന്തിൽ പുറത്താവാതെ 54 റൺസെടുത്ത െഗ്ലൻ മാക്സ് വെല്ലിനും 30 പന്തിൽ 45 റൺസെടുത്ത മിച്ചൽ മാർഷിനും മാത്രമേ തിളങ്ങാനായുള്ളൂ. ഡേവിഡ് വാർണർ, മാർകസ് സ്റ്റോയിണിസ് എന്നിവർ 25 റൺസ് വീതം നേടി. അഫ്ഗാസ്താന് വേണ്ടി നവീനുൽ ഹഖ് നാലോവറിൽ 21 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഫസൽ ഹഖ് ഫാറൂഖി രണ്ടും മുജീബു റഹ്മാൻ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
അതേസമയം അയർലൻഡിനെതിരെ നിർണായക മത്സരം 35 റൺസിന് ജയിച്ച് സെമിഫൈനൽ ഉറപ്പിക്കുന്ന ആദ്യ ടീമായി ന്യൂസിലൻഡ് മാറി. ആസ്ട്രേലിയയുടെ കുറഞ്ഞ റൺറേറ്റാണ് കീവീസിന് സെമിയിലേക്ക് വഴി തുറന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ന്യൂസിലന്‍ഡിന് +2.113 നെറ്റ് റണ്‍റേറ്റില്‍ ഏഴ് പോയിന്റാണുള്ളത്. ആസ്ട്രേലിയക്കും ഏഴ് പോയന്റായെങ്കിലും കുറഞ്ഞ റൺറേറ്റാണ് ഓസീസിന്റെ സാധ്യതക്ക് മങ്ങലേൽപിച്ചത്. നിലവിൽ -0.173 ആണ് അവരുടെ റൺറേറ്റ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ടിന് +0.547 റണ്‍റേറ്റില്‍ അഞ്ച് പോയന്റുണ്ട്. അടുത്ത കളിയിൽ ഇംഗ്ലണ്ട് ജയിച്ചാൽ ആതിഥേയരായ ആസ്ട്രേലിയ പുറത്താകും. ഇന്ന് ആസ്ട്രേലിയ ജയിച്ചതോടെ ശ്രീലങ്കയും ലോകകപ്പിൽനിന്ന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.