ബർമിങ്ഹാം: മലയാളി താരം ട്രീസ ജോളിയും പി. ഗോപിചന്ദിന്റെ മകൾ ഗായത്രി ഗോപിചന്ദുമടങ്ങിയ സഖ്യം തുടർച്ചയായ രണ്ടാം തവണയും ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വനിത ഡബ്ൾസ് സെമിഫൈനലിൽ. ചൈനയുടെ ലി വെൻ മി- ലിയു സുവാൻ സുവാൻ സഖ്യത്തെയാണ് ഇന്ത്യൻ ജോടി ക്വാർട്ടർ ഫൈനലിൽ തോൽപിച്ചത്. സ്കോർ: 21-14, 18-21, 21-12. കൊറിയയുടെ ബായ്ക് ഹാ നാ-ലീ സോ ഹീ സഖ്യമാണ് സെമിയിലെ എതിരാളികൾ.
ക്വാർട്ടറിൽ നെറ്റിനരികിൽ ഗായത്രി പതിവ് ഫോം തുടർന്നു. ബാക്ക് കോർട്ടിൽനിന്ന് ഇമ്പമാർന്ന സ്മാഷുകളും ഡ്രോപ്പുകളുമായി ട്രീസയും ആദ്യ ഗെയിമിൽ കളംനിറഞ്ഞു. 6-2ന് മുന്നിലെത്തിയ ഇന്ത്യൻ സഖ്യത്തെ ചൈനക്കാരികൾ 6-6ൽ പിടിച്ചുകെട്ടി. വീണ്ടും കരുത്താർജിച്ച ഇന്ത്യൻ താരങ്ങൾ 11-8ന് ഒന്നാം ഗെയിമിന്റെ ഇടവേളയിൽ മുന്നിലെത്തി. വിശ്രമത്തിനുശേഷം അധികം ആയാസമില്ലാതെ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ 10-6ന് മുന്നിലെത്തിയശേഷം 10-11 എന്ന നിലയിൽ ട്രീസ-ഗായത്രി സഖ്യം ലീഡ് വഴങ്ങി. 18-21ന് ചൈനീസ് സഖ്യം രണ്ടാം ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയിമിൽ കാര്യങ്ങൾ ഇന്ത്യൻ ജോടിക്ക് അനുകൂലമായി. 8-1ന് വൻ ലീഡ് നേടിയ ടീം ഒടുവിൽ 12 പോയന്റ് മാത്രം എതിരാളികൾക്ക് വിട്ടുകൊടുത്ത് സെമിയിലേക്ക് കുതിച്ചു. ഇന്ത്യയുടെ ബാക്കിയുള്ള ഏക പ്രതീക്ഷയാണ് ഇരുവരും. പുരുഷ സിംഗ്ൾസിൽ ലക്ഷ്യ സെൻ, കെ. ശ്രീകാന്ത്, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവർ പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. പുരുഷ ഡബ്ൾസിൽ ചിരാഗ് ഷെട്ടി- സാത്വിക് റാൻകി റെഡി സഖ്യവും പ്രീക്വാർട്ടറിൽ മടങ്ങി. പി.വി. സിന്ധു നേരത്തേ പുറത്തായിരുന്നു.
കഴിഞ്ഞ വർഷം റിസർവ് പട്ടികയിൽനിന്ന് അവസാന നിമിഷം പ്രധാന മത്സരപ്പട്ടികയിലെത്തിയ ഇന്ത്യൻ സഖ്യം സെമിയിലെത്തി ഞെട്ടിച്ചിരുന്നു. ഇത്തവണ കോമൺവെൽത്ത് ഗെയിംസിലെ വെങ്കലമെഡലും ഏഷ്യ മിക്സഡ് ടീം ചാമ്പ്യൻഷിപ്പിൽ ലോക ഏഴാം നമ്പറുകാരികളായ മലേഷ്യയുടെ താൻ പേളി-തിന്ന മുരളീധരൻ കൂട്ടുകെട്ടിനെ തോൽപിച്ചതുമടക്കമുള്ള നേട്ടങ്ങളുമായാണ് ട്രീസയും ഗായത്രിയും ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിനെത്തിയത്.
ജപ്പാന്റെ മുൻ ലോക ഒന്നാം നമ്പർ സഖ്യമായ യുകി ഫുകിഷിമ-സയാക ഹിരോത ടീമിനെയടക്കം തോൽപിച്ചാണ് ഇത്തവണത്തെ കുതിപ്പ്. കണ്ണൂർ ചെറുപുഴക്കാരിയായ ട്രീസ ബംഗളൂരുവിൽ ഗായത്രിക്കൊപ്പം ബംഗളൂരു ഗോപിചന്ദ് അക്കാദമിയിലാണ് പരിശീലിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.