ബർമിങ്ഹാം: ഉറച്ച ലക്ഷ്യത്തോടെയാണ് ലക്ഷ്യ സെന്നിന്റെ മുന്നേറ്റം. സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന ഇന്ത്യൻ താരം അതിന്റെ നേട്ടം കൈവരിക്കാനുള്ള നിശ്ചയദാർഢ്യത്തിലാണ് റാക്കറ്റേന്തുന്നതും. ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറിയ ലക്ഷ്യ, ലക്ഷ്യം വ്യക്തമാക്കിക്കഴിഞ്ഞു.
സെമിയിൽ നിലവിലെ ജേതാവും ആറാം സീഡുമായ മലേഷ്യയുടെ ലീ സി ജിയയെ മൂന്നു സെറ്റ് പോരാട്ടത്തിൽ അതിജയിച്ചായിരുന്നു ലോകറാങ്കിങ്ങിൽ 11ാമതായ ലക്ഷ്യയുടെ ഫൈനൽ പ്രവേശനം. ആദ്യ സെറ്റ് 21-13ന് അനായാസം കൈക്കലാക്കിയ ലക്ഷ്യക്ക് പക്ഷേ, രണ്ടാം സെറ്റിൽ അടിതെറ്റി. തുടക്കം മുതൽ ലീഡെടുത്ത സീ ജിയ, ലക്ഷ്യക്ക് കാര്യമായ അവസരം നൽകാതെ ഒപ്പമെത്തി. നിർണായകമായ മൂന്നാം സെറ്റ് ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു.
ലീഡ് അങ്ങോട്ടുമിങ്ങോട്ടും മാറിമറിഞ്ഞശേഷം അവസാന ഘട്ടത്തിൽ 20-19 ലീഡെടുത്ത ഇന്ത്യൻ താരം സമ്മർദത്തിനടിപ്പെടാതെ ആദ്യ മാച്ച് പോയന്റ് തന്നെ മുതലാക്കി മത്സരം കൈക്കലാക്കി. പ്രകാശ് നാഥിനും പ്രകാശ് പദുക്കോണിനും പുല്ലേല ഗോപിചന്ദിനും സൈന നെഹ്‍വാളിനും ശേഷം ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് ലക്ഷ്യ. ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയാണ് 20കാരനായ ലക്ഷ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.