കോഴിക്കോട്: വിവാഹം കഴിഞ്ഞ് കളിക്കളത്തോട് വിടപറയുന്നവരിൽനിന്ന് വ്യത്യസ്തമായി ദേശീയ ബാഡ്മിന്റൺ താരം അപർണ ബാലൻ. പ്രസവശേഷം വീണ്ടും വിജയത്തിലേക്ക് ഷട്ടിലടിക്കാനുള്ള ഒരുക്കത്തിലാണ് ഈ കോഴിക്കോട്ടുകാരി. കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും ദക്ഷിണേഷ്യൻ ഗെയിംസിൽ പലവട്ടം സ്വർണവും നേടിയ അപർണ തിരിച്ചുവരവിനായുള്ള പരിശീലനത്തിലാണ്. കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിലും ഓഫിസേഴ്സ് ക്ലബിലുമായാണ് പരിശീലനം.
ഒന്നരപ്പതിറ്റാണ്ടിലേറെയായി സീനിയർ തലത്തിൽ നിരവധി നേട്ടങ്ങൾ കൊയ്ത താരമാണ് അപർണ. ഡബ്ൾസിലും മിക്സഡ് ഡബ്ൾസിലും രാജ്യത്തെതന്നെ മികച്ച കളിക്കാരിയായി വളർന്നു. വനിത ഡബ്ൾസിൽ ഏഴും മിക്സഡ് ഡബ്ൾസിൽ നാലും അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ജേത്രിയായിരുന്നു. ഒമ്പതു തവണ ദേശീയ ചാമ്പ്യൻഷിപ്പിലും ജയിച്ചു. 2020 ഫെബ്രുവരിയിലാണ് അപർണ അവസാനമായി ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിനിറങ്ങിയത്. ഗർഭകാലത്ത് പരിശീലനവും നിർത്തി. മകൻ ശ്രിയാന് നാലര മാസം പ്രായമായപ്പോൾ പരിശീലനം പുനരാരംഭിക്കുകയായിരുന്നു. അപർണയുടെ കരിയർ വളർത്തിയെടുക്കുന്നതിൽ നിർണായകപങ്ക് വഹിച്ച ഇൻറർനാഷനൽ കോച്ച് എ. നാസറിന് കീഴിലാണ് പരിശീലനം. രണ്ടു മാസത്തിനകം പഴയ ഫോമിലേക്ക് തിരിച്ചെത്താൻ പ്രിയശിഷ്യക്ക് കഴിയുമെന്ന് നാസർ പറഞ്ഞു.
ഭർത്താവ് സന്ദീപും കുടുംബവും ഏറെ പിന്തുണ നൽകുന്നതായി ഇന്ത്യൻ ഓയിൽ കോർപറേഷനിൽ മാനേജറായ അപർണ പറഞ്ഞു. എക്കാലത്തും അപർണയുടെ കരുത്തായ പിതാവ് ബാലനും ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.