ഷാ ആലം (മലേഷ്യ): ബാഡ്മിന്റൺ ഏഷ്യ ടീം ചാമ്പ്യൻഷിപ് ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകൾ ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ സെമിഫൈനലിൽ ജപ്പാനെ 3-2ന് തോൽപിച്ചാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. ഞായറാഴ്ചത്തെ ഫൈനലിൽ ഇന്ത്യ തായ്ലൻഡിനെ നേരിടും. ഡബ്ൾസിൽ മലയാളി ട്രീസ ജോളി-ഗായത്രി ഗോപീചന്ദ്, സിംഗ്ൾസിൽ അഷ്മിത ചാലിഹ, അൻമോൽ ഖർബ് സഖ്യങ്ങൾ ജയംകണ്ടു. സിംഗ്ൾസിൽ തോറ്റ ഒളമ്പിക് മെഡൽ ജേത്രി പി.വി. സിന്ധു, ഡബ്ൾസിൽ അശ്വിനി പൊന്നപ്പക്കൊപ്പം ഇറങ്ങിയപ്പോഴും പരാജയം രുചിച്ചു.
സിന്ധുവാണ് ആദ്യം ഇറങ്ങിയത്. എന്നാൽ, അയാ ഒഹോരിയോട് 13-21, 20-22ന് സിംഗ്ൾസിൽ തോറ്റതോടെ ഇന്ത്യ പിറകിലായി. ലോക ആറാം നമ്പർ നാമി മറ്റ്സുയാമ-ചിഹാറു ഷിദ സഖ്യത്തെ 21-17, 16-21, 22-20ന് ഡബ്ൾസിൽ ട്രീസയും ഗായത്രിയും ചേർന്ന് മറിച്ചിട്ട് 1-1 ആക്കി. അടുത്തത് അഷ്മിതയുടെ ഊഴം. 21-17, 21-14ന് നൊസോമി ഒകുഹാരയെ വീഴ്ത്തി അഷ്മിത ഇന്ത്യയെ മുന്നിലെത്തിച്ചു (2-1).
പരിക്കേറ്റ തനിഷ കാസ്ട്രോക്കു പകരം ഡബ്ൾസിൽ അശ്വിനിക്ക് കൂട്ടായി സിന്ധുവെത്തി. നെന മിയാവുര-അയാകോ സകുറാമോട്ടോ ജോടിയോട് 14-21, 11-21ന് തോൽക്കാനായിരുന്നു വിധി. കാര്യങ്ങൾ 2-2ലായതോടെ അവസാന മത്സരം നിർണായകമായി. നസുകി നിദെയ്റയെ 21-14, 21-18ന് മറികടന്നാണ് അൻമോൽ ഇന്ത്യക്ക് കന്നി ഫൈനൽ സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.