ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ ടീം ഇനങ്ങളിൽ ഏറെ പ്രതീക്ഷയോടെ ഇന്ത്യ വ്യാഴാഴ്ചയിറങ്ങുന്നു. ലോകത്തിലെ കരുത്തരായ ചൈന, ജപ്പാൻ, ഇന്തോനേഷ്യ, മലേഷ്യ, കൊറിയ തുടങ്ങിയ രാജ്യങ്ങൾ മാറ്റുരക്കുന്ന വേദിയിൽ ഇതുവരെ മാറോട് ചേർക്കാൻ കഴിയാതെ പോയ സ്വർണം തേടിയാണ് ഇന്ത്യയുടെ പടപുറപ്പാട്. ടീം ഇനങ്ങളിലും പുരുഷ സിംഗിൾസിൽ മലയാളിയായ എച്ച്.എസ്. പ്രണോയിയിലും ഡബ്ൾസിൽ സാത്വിക് സായ് രാജ് രാൻകിറെഡ്ഡി ചിരാഗ് ഷെട്ടി കൂട്ടുകെട്ടിലുമാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.
ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ ചരിത്രത്തിൽ ഇന്ത്യയുടെ സമ്പാദ്യം ഇതുവരെ വെറും 10 മെഡൽ മാത്രമാണ്. പുരുഷ ടീമിനത്തിൽ മൂന്നും വനിതകളുടെ ടീമിനത്തിൽ രണ്ടും വെങ്കല മെഡൽ നേടിയപ്പോൾ പുരുഷ ഡബ്ൾസിലും മിക്സ്ഡ് ഡബ്ൾസിലും ഓരോ മെഡലുകൾ കിട്ടി.
വ്യക്തിഗത ഇനത്തിൽ മൂന്ന് തവണയാണ് ഇന്ത്യക്കാർ മെഡൽ പോഡിയം ചവിട്ടിയത്. കഴിഞ്ഞ തവണ പി.വി. സിന്ധു നേടിയ വെള്ളിയാണ് വ്യക്തിഗത ഇനത്തിലെ മികച്ച നേട്ടം. ജക്കാർത്തയിൽ സൈന നെഹ്വാൾ വെങ്കലം നേടിയപ്പോൾ സയ്യിദ് മോഡിയുടെ വകയായിരുന്നു പുരുഷ സിംഗിൾസിലെ ഏക വെങ്കല മെഡൽ.
എതിരാളികൾ കരുത്തരാണെങ്കിലും തങ്ങളുടേതായ ദിവസം ഏത് കൊലകൊമ്പന്മാരെയും കീഴടക്കാൻ കെൽപുള്ളവരാണ് പ്രണോയും ലക്ഷ്യസെന്നും കിഡംബി ശ്രീകാന്തുമൊക്കെ. രാൻകി റെഡ്ഡി ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ലോകത്തിലെ തന്നെ മുൻനിരക്കാരാണ്.
വനിതകളിൽ രണ്ടു ഒളിമ്പിക് മെഡലുകൾ മാറോട് ചേർത്ത സിന്ധു ഒട്ടും ഫോമിലല്ലാത്തതാണ് ഇന്ത്യയെ കുഴക്കുന്നത്. താരതമ്യേന പുതുമുഖങ്ങളായ അഷ്മിത ചാലിഹ,അനുപമ ഉപാധ്യായ്, മാളവിക ബൻസോദ് എന്നിവർക്ക് ആൻ സെ യുങ്ങും തായ് സു യിങും അകാനെ യാമഗുച്ചിയുമൊക്കെ കളിക്കുന്ന കോർട്ടുകളിൽ എത്ര വരെ മുന്നേറാനാവുമെന്ന് കണ്ടറിയണം.
വനിതാ ഡബ്ൾസിൽ മലയാളിയായ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദുമാണ് റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യൻ ജോടി. ഇന്ന് ആരംഭിക്കുന്ന ടീം പോരാട്ടങ്ങൾക്ക് ശേഷം ഒക്ടോബർ രണ്ടു മുതലാണ് വ്യക്തിഗത മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.