ന്യൂഡൽഹി: പ്രകാശ് പദുകോണിന്റെ പിന്മുറക്കാരനായി ഇന്ത്യൻ ബാഡ്മിന്റണിൽ കളിയഴകിന്റെ അപൂർവനാമം തീർത്ത സായ് പ്രണീത് കളി നിർത്തി. നീണ്ട മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ 2019ലെ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മെഡൽനേട്ടവുമായി വിസ്മയമായ താരം തിങ്കളാഴ്ചയാണ് കളി നിർത്തുകയാണെന്ന് പ്രഖ്യാപിച്ചത്.
2013ൽ ഇന്തോനേഷ്യ ഓപൺ സൂപ്പർ സീരീസ് ടൂർണമെന്റിൽ നാട്ടുകാരനായ ഇതിഹാസതാരം തൗഫീക് ഹിദായത്തിനെ അട്ടിമറിച്ചായിരുന്നു ലോക ബാഡ്മിന്റണിൽ തുടക്കം. തന്റെ അവസാന രാജ്യാന്തര മത്സരത്തിൽ മൂന്നു സെറ്റ് പോരാട്ടത്തിൽ സീഡില്ലാ താരത്തിനു മുന്നിൽ തൗഫീഖ് തോറ്റു മടങ്ങുമ്പോൾ നാട്ടുകാർപോലും കൈയടിക്കുന്ന പ്രകടനമായിരുന്നു സായ് പ്രണീത് പുറത്തെടുത്തത്.
തൊട്ടുപിറകെ സിംഗപ്പൂർ ഓപണിലും മികവുകാട്ടിയ താരം ആദ്യ മുൻനിര കിരീടം ചൂടുന്നത് 2016ലെ കാനഡ ഓപണിൽ. പിന്നീട് സിംഗപ്പൂർ ഓപൺ ജയിച്ച് സൈന നെഹ്വാളും കിഡംബി ശ്രീകാന്തുമടക്കം വമ്പന്മാർ മാത്രം തൊട്ട സൂപ്പർ സീരീസ് കിരീടമെന്ന വലിയ നേട്ടം തന്റേതുകൂടിയാക്കി. 2019ൽ ബേസലിൽ നടന്ന ലോക ചാമ്പ്യൻഷിപ് സെമിയിൽ ചാമ്പ്യൻ കെന്റോ മൊമോട്ടക്കു മുന്നിൽ തോൽവി സമ്മതിച്ചെങ്കിലും വെങ്കലം സ്വന്തമാക്കി. ആന്റണി ജിന്റിങ്, ജൊനാഥൻ ക്രിസ്റ്റി തുടങ്ങിയവരെ അട്ടിമറിച്ചായിരുന്നു അന്ന് അവസാന നാലിലെത്തിയത്.
2020 ടോക്യോ ഒളിമ്പിക്സിനും എത്തിയെങ്കിലും ആദ്യ റൗണ്ടിൽ മടങ്ങി. പിന്നീട് ലക്ഷ്യ സെൻ അടക്കം ഇളമുറക്കാർ രംഗത്ത് സജീവമായത് താരത്തിന് വലിയ നേട്ടങ്ങൾ കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.