തോമസ് കപ്പിൽ ഇന്ത്യൻ പതാക വാനോളമുയർത്തിയ മലയാളി താരം എച്ച്.എസ് പ്രണോയിയും സാത്വിക്- ചിരാഗ് ഷെട്ടി സഖ്യവും ബാഡ്മിന്റൺ ലോകറാങ്കിങ്ങിൽ മികച്ച ഉയരത്തിൽ. തോമസ് കപ്പിനു പുറമെ ലോക ചാമ്പ്യൻഷിപ്പിലും കോമൺവെൽത്ത് ഗെയിംസിലും മെഡൽ ചൂടിയ ഇന്ത്യൻ സഖ്യം കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങായ അഞ്ചിലെത്തി. ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ടീം കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും സ്വന്തമാക്കിയിരുന്നു.
അതേ സമയം, വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയിൽനിന്നുള്ള ഏക സാന്നിധ്യമായി ലോക ഒന്നാം നമ്പർ താരത്തെ വീഴ്ത്തിയിരുന്ന പ്രണോയ് ആദ്യ 10ലേക്ക് തിരിച്ചെത്തി. രണ്ടു സ്ഥാനം കയറിയാണ് താരം ഒമ്പതാമനായത്. നാലുവർഷം മുമ്പ് എട്ടാം റാങ്കിലെത്തിയിരുന്നു. പിന്നീട് പരിക്കും മോശം ഫോമും കാരണം പിറകോട്ടുപോയതിനൊടുവിലാണ് വീണ്ടും തിരിച്ചുവരവ്. മറ്റു താരങ്ങളായ ലക്ഷ്യ സെൻ ഏഴാം സ്ഥാനത്തും കിഡംബി ശ്രീകാന്ത് 11ാമതുമുണ്ട്.
വനിത ഡബ്ൾസിൽ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം 18ാം സ്ഥാനത്തേക്കു കയറി. വനിത സിംഗിൾസിൽ ഏറെയായി പരിക്കു വലച്ചിട്ടും പി.വി സിന്ധു തന്റെ ആറാം സ്ഥാനം നിലനിർത്തി.
പുരുഷ സിംഗിൾസിൽ വിക്ടർ അക്സൽസണാണ് ഒന്നാമത്. ലീ സിൽ ജിയ രണ്ടാമതും ലോഹ് കീൻ മൂന്നാമതും നിൽക്കുമ്പോൾ ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റി നാലാം സ്ഥാനത്തേക്കു കയറി. ജപ്പാന്റെ കെന്റോ മൊമോട്ട ആദ്യ 10ൽനിന്ന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.