ബാഡ്മിന്റൺ സിംഗ്ൾസിൽ ചെറിയ ഇടവേളയിലെങ്കിലും ലോക ഒന്നാം നമ്പർ പദവി അലങ്കരിച്ച ഇന്ത്യൻ താരങ്ങൾ ഒന്നിലേറെ പേരുണ്ട്- പുരുഷന്മാരിൽ ആദ്യം പ്രകാശ് പദുകോണും പിന്നീട് കിഡംബി ശ്രീകാന്തുമെങ്കിൽ വനിതകളിൽ സൈന നെഹ്വാളും ആ തിളങ്ങും പദവിയിലേക്ക് റാക്കറ്റേന്തിയവർ. എന്നാൽ, ഡബ്ൾസിൽ പൂർവേഷ്യൻ കരുത്തിനുമുന്നിൽ മുട്ടിടിച്ച് ആദ്യ അഞ്ചിൽപോലും എത്താൻ പാടുപെട്ടതാണ് സമീപകാലം വരെ ഇന്ത്യൻ ബാഡ്മിന്റൺ ചരിത്രം.
വലിയ പോരിടങ്ങളിൽ തോൽവിത്തുടർച്ചകളുടെ പഴയ താളുകൾ മറിച്ചിട്ട് ആന്ധ്രക്കാരൻ സാത്വികിന്റെയും മുംബൈക്കാരൻ ചിരാഗിന്റെയും ചിറകേറി ഇന്ത്യ ബാഡ്മിന്റണിൽ പുതിയ ഉയരങ്ങൾക്കരികെയാണ്. ലോക റാങ്കിങ്ങിൽ ഒരു പടികൂടി കയറി രണ്ടിലെത്തിയ ഇരുവർക്കും ജപ്പാൻ ഓപൺ സൂപ്പർ 750ലും കിരീടമുയർത്താനായാൽ ഒന്നാം സ്ഥാനവും വൈകാതെ കൈയെത്തിപ്പിടിക്കാവുന്ന നേട്ടം.
മൂന്നു സീസൺ മുമ്പ് ഫ്രഞ്ച് ഓപൺ ഫൈനൽസിൽ പരാജയപ്പെട്ട ശേഷം ഇരുവരും അടിച്ചെടുക്കുന്ന ആറാം മുൻനിര കിരീടമാണിത്. തൊട്ടടുത്ത വർഷം ഫ്രഞ്ച് ഓപൺ ജയിച്ച ടീം തോമസ് കപ്പ്, സ്വിസ് ഓപൺ, ഏഷ്യൻ ഗെയിംസ്, ഇന്തോനേഷ്യ ഓപൺ എന്നിവയും ജയിച്ചാണ് ഒടുവിൽ കൊറിയയിലും അപ്രതിരോധ്യരായി കപ്പുയർത്തിയത്. ഈ വർഷം മാത്രം ടീമിന്റെ നാലാം കിരീടം.
ഇന്തോനേഷ്യ ഓപൺ സൂപ്പർ 1000 കപ്പുയർത്തുന്ന ആദ്യ ഇന്ത്യൻ ജോടികളായി കഴിഞ്ഞ മാസം മാറുമ്പോൾ അതിനു മുമ്പും ശേഷവും ഇരുവരും ചേർന്ന് എണ്ണമറ്റ റെക്കോഡുകൾ പേരിലാക്കി കഴിഞ്ഞിരുന്നു. അവക്ക് തുടർച്ച നൽകിയായിരുന്നു ഒടുവിൽ കൊറിയയിലെ യിവോസുവിലെത്തുന്നത്.
565 കിലോമീറ്റർ വേഗത്തിലുള്ള സ്മാഷുമായി ഗിന്നസിലേറിയ സാത്വിക് തൊട്ടുപിറകെ 500 കിലോമീറ്റർ വേഗത്തിൽ ഒരിക്കലൂടെ സ്മാഷ് പായിക്കുന്നതും കണ്ടു. ജപ്പാന്റെ ലോക അഞ്ചാം നമ്പർ ജോടി തകുറോ ഹോകി- യൂഗോ കൊബായാഷി എന്നിവരെ ക്വാർട്ടറിൽ മുട്ടുകുത്തിച്ച സംഘം സെമിയിൽ ചൈനയുടെ ലോക രണ്ടാം നമ്പറുകാരായ ലിയാങ് വെയ് കെങ്- ചാങ് വാങ് സഖ്യത്തെ മടക്കിയതും നേരിട്ടുള്ള സെറ്റുകളിൽ.
കലാശപ്പോരിൽ അക്ഷരാർഥത്തിൽ ഒന്നാം നമ്പറുകാരായ അൽഫിയൻ- അഡ്രിയാന്റോ കൂട്ടുകെട്ടായിരുന്നു മുമ്പിൽ. തുടക്കം കൈവിട്ടുപോയ ഇന്ത്യൻ സഖ്യം ആദ്യ സെറ്റിന്റെ അവസാനത്തിൽ തുടക്കമിട്ട തിരിച്ചുവരവ് നിർത്താതെ തുടർന്നാണ് ഒടുവിൽ ഇതുവരെയും ഇന്ത്യക്കാരെ അടുപ്പിക്കാതെ നിർത്തിയ കിരീടത്തിൽ തൊട്ടത്. സാത്വികിന്റെ അതിവേഗ സ്മാഷുകളും ചിരാഗിന്റെ പ്രതിരോധവും സമം നിന്നപ്പോൾ എതിരാളികൾക്ക് മുന്നിൽ പലപ്പോഴും വഴികളടഞ്ഞു.
സെർവിലും സ്മാഷിലും വൈവിധ്യവും വേഗവും നിലനിർത്തി ഡ്രോപുകളും ഷോട്ടുകളും ഒരേ താളത്തിൽ മേളിപ്പിച്ചുള്ള കളിക്കു മുന്നിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ എതിരാളികൾ സുല്ലിട്ടു. ഇന്തോനേഷ്യയുടെതന്നെ മാർകസ് ഗിഡിയൺ- കെവിൻ സുകമൾജോ സഖ്യം മാത്രമാണ് വമ്പന്മാരിൽ ഇനിയും ഇന്ത്യൻ കൂട്ടുകെട്ടിനു മുന്നിൽ മുട്ടുമടക്കാൻ ബാക്കിയുള്ളവർ.
സമാനമായി, ഡബ്ൾസിൽ രാജ്യം കാത്തിരിക്കുന്ന ഏഷ്യൻ ഗെയിംസ് സ്വർണനേട്ടമുൾപ്പെടെ ഇനി ഇരുവർക്കുമൊപ്പം എത്തിപ്പിടിക്കാനാവുമെന്ന് ആരാധകർ കണക്കുകൂട്ടുന്നു.
‘എല്ലാ തലങ്ങളിലും ഇരുവർക്കുമിടയിലെ പൊരുത്തമാണ് കളിയിൽ അത്ഭുതങ്ങളായി മാറുന്നതെന്ന് കോച്ച് പുല്ലേല ഗോപീചന്ദ് പറയുന്നു. ഏറ്റവും ശക്തമായ ആക്രമണം, മികച്ച സെർവ്, നെറ്റ് ഗെയിം... എല്ലാറ്റിലും സമാനതകളില്ലാത്തവർ. സെർവിനുടൻ പോയന്റ് പിടിക്കുകയെന്നതാണ് ഇരുവരുടെയും നയം- കോച്ചിന്റെ വിലയിരുത്തൽ ഇങ്ങനെ.
കഴിഞ്ഞ മാസം ഇന്തോനേഷ്യ ഓപണിൽ തുടക്കമിട്ട തോൽവിയില്ലാ യാത്രകളോടെ എതിരാളികൾ എത്ര കരുത്തരായാലും നിലവിൽ ഈ ജോടിയെ ഭയക്കുന്നത് സ്വാഭാവികം. കൊറിയ ഓപണിൽ പലപ്പോഴും എതിരാളികൾ ആക്രമണത്തിലുപരി പ്രതിരോധിക്കാൻ ശ്രമിച്ച് പോയന്റ് നഷ്ടപ്പെടുത്തുന്നത് കണ്ടതും അതിന്റെ ഭാഗമാകണം.
പഴയ കാലത്ത്, വലിയ ചാമ്പ്യൻഷിപ്പുകളിലെത്തുമ്പോൾ ഇന്ത്യൻ താരങ്ങൾ നിറംമങ്ങിപ്പോകുന്ന ആധികളാണിപ്പോൾ നേർവിപരീതമായി മാറുന്നത്. ഇന്നാരംഭിക്കുന്ന ജപ്പാൻ ഓപണിലും മികച്ച വിജയം പിടിക്കാനാകുമെന്ന് ടീം കണക്കുകൂട്ടുന്നു. ആദ്യ റൗണ്ടിൽ ഇന്തോനേഷ്യയുടെ ലിയോ റോളി- ഡാനിയൽ മാർട്ടിൻ സഖ്യമാണ് ഇരുവർക്കും എതിരാളികൾ. സിംഗ്ൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു, എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത് അടക്കം പ്രമുഖരും ഇറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.