ഓട്ടവ: കാനഡ ഓപണിൽ ഇന്ത്യയുടെ കോമൺവെൽത്ത് ചാമ്പ്യന്മാരായ പി.വി. സിന്ധുവും ലക്ഷ്യ സെന്നും സെമിയിൽ. കഴിഞ്ഞ മൂന്നു കളികളിലും തന്നെ മുട്ടുകുത്തിച്ച ഫാങ് ജിയെ നേരിട്ടുള്ള സെറ്റുകളിൽ അനായാസം വീഴ്ത്തിയാണ് സിന്ധു കളി ജയിച്ചത്. സ്കോർ 21-13, 21-7. എന്നാൽ, ഇടക്ക് പോരാട്ടം കനപ്പിച്ച ജർമൻ എതിരാളിയെ വാഴാൻ വിടാതെയായിരുന്നു ലക്ഷ്യയുടെ വിജയം. സ്കോർ 21-8, 17-21, 21-10.
കരുതലോടെ തുടങ്ങിയ സിന്ധു ആദ്യവസാനം ആധിപത്യം കാട്ടിയാണ് എതിരാളിയെ മുട്ടുകുത്തിച്ചത്. ആദ്യ സെറ്റിൽ 5-1ന് ലീഡ് പിടിച്ച് തുടങ്ങിയ 28കാരി ഒരു ഘട്ടത്തിലും എതിരാളിക്ക് ലീഡ് വിട്ടുനൽകിയില്ല. അതിവേഗ നീക്കങ്ങളുമായി കൃത്യത കാട്ടിയ സിന്ധു കോർട്ട് നിറഞ്ഞുകളിച്ചതോടെ എതിരാളിക്ക് അവസരങ്ങൾ കുറഞ്ഞു. രണ്ടാം സെറ്റിൽ പക്ഷേ, തുടക്കം പിടിച്ച് ഫെങ് തിരിച്ചുവരവിനൊരുങ്ങിയെങ്കിലും അതിവേഗം ആധിപത്യം തിരിച്ചുപിടിച്ച് സിന്ധു സെറ്റും കളിയും ജയിക്കുകയായിരുന്നു.
ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ യമാഗുച്ചിയാകും സിന്ധുവിന് സെമിയിൽ എതിരാളിയെങ്കിൽ ജപ്പാന്റെ തന്നെ നാലാം സീഡ് കെന്റ നിഷിമോട്ടോയാണ് സെന്നുമായി മുഖാമുഖം. സിന്ധുവും യമാഗുച്ചിയും തമ്മിൽ 14-10ന്റെ ആനുകൂല്യം ഇന്ത്യൻ താരത്തിനാണെങ്കിൽ നിഷിമോട്ടോയുമായി സെന്നിന്റേത് 1-1 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.