കോപൻ ഹേഗൻ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അവശേഷിച്ച പ്രതീക്ഷയായിരുന്ന മലയാളി താരം എച്ച്.എസ്. പ്രണോയിക്ക് വെങ്കലത്തോടെ മടക്കം. പതിവു തെറ്റിച്ച് ആദ്യ സെറ്റ് പിടിച്ച് മോഹിപ്പിക്കുകയും പിന്നീട് വെറുതെ കൈവിട്ട് എതിരാളിക്ക് അവസരമൊരുക്കുകയും ചെയ്തതിനൊടുവിൽ പ്രണോയ് സെമി ഫൈനലിൽ പുറത്തായി. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് തുടക്കം പതറിയ തായ്ലൻഡുകാരൻ കുൻലാവുത് വിറ്റിഡ്സരൺ മാസ്മരിക തിരിച്ചുവരവുമായി കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിച്ചത്. സ്കോർ 21-18, 13-21, 14-21.
സെമിയിൽ തോറ്റെങ്കിലും തിരുവനന്തപുരത്തുകാരൻ പ്രണോയിയുടെ വെങ്കല നേട്ടം മലയാളികൾക്കും അഭിമാനമായി. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം സ്വന്തമാക്കുന്ന ആദ്യ കേരളീയനാണ് 31കാരൻ. തൊട്ടുതലേന്നാൾ ലോക ഒന്നാം നമ്പർ താരത്തെ മറിച്ചിട്ട ആവേശവുമായി ഡെൻമാർക് തലസ്ഥാനമായ കോപൻ ഹേഗനിലെ റോയൽ അറീന കോർട്ടിൽ റാക്കറ്റേന്തിയ പ്രണോയ്ക്ക് തുടക്കം ഗംഭീരമായിരുന്നു. ആദ്യ സെറ്റിന്റെ തുടക്കത്തിൽ ഇരുവരും ഒപ്പം നിന്നാണ് കളി പുരോഗമിച്ചത്. കൊണ്ടും കൊടുത്തുംനിന്നതിനൊടുവിൽ വൈകാതെ മലയാളി താരം നയം വ്യക്തമാക്കി. തലേദിവസം നെറ്റ് ഗെയിമിൽ കേന്ദ്രീകരിച്ച് എതിരാളിയെ കുരുക്കിയ പ്രണോയ് ഇത്തവണ പിറകിലേക്ക് തള്ളി നൽകിയായിരുന്നു തായ്ലൻഡ് താരത്തെ പരീക്ഷിച്ചത്.
അപ്രതീക്ഷിത പാളിച്ചകൾ എതിരാളിക്ക് പോയന്റ് സമ്മാനിച്ചപ്പോഴും ആധികാരിക ജയത്തിൽ കുറഞ്ഞതൊന്നും സമ്മതിക്കില്ലെന്ന പ്രഖ്യാപനമായിരുന്നു ഓരോ ഷോട്ടും. വലിയ അകലത്തിൽ ഇടവേളക്കു പിരിഞ്ഞ ശേഷവും അതേ മികവോടെ ഡ്രോപ്പം ഷോട്ടും പായിച്ച് പ്രണോയ് മുന്നിൽനിന്നു. അവസാനത്തോടടുത്തപ്പോൾ തിരിച്ചുപിടിക്കാൻ വിറ്റിഡ്സരൺ കിണഞ്ഞുശ്രമിച്ചത് പോയന്റ് അകലം കുറച്ചു. എന്നാൽ, അപകടകരമാവും മുമ്പ് 21-18ന് പ്രണോയ് കളി തീർത്തു. രണ്ടാം സെറ്റിലും മലയാളിതാരത്തിനു മുന്നിൽ തായ്ലൻഡ് താരം നിഷ്പ്രഭമാകുന്നതായിരുന്നു കാഴ്ച.
തുടരെ പോയന്റുകൾ വാരിക്കൂട്ടിയ പ്രണോയ് പിടിച്ചുകയറുന്നതിനിടെ കളി മാറുന്നതിനും കോർട്ട് സാക്ഷിയായി. വെറുതെ നൽകിയും അശ്രദ്ധയുടെ പേരിൽ എതിരാളി അടിച്ചെടുത്തും വിറ്റിഡ്സരൺ പറന്നുകയറിയപ്പോൾ ഒരു ഘട്ടത്തിൽ 7-7ന് കളി ഒപ്പമെത്തി. പിന്നീട് കുറെനേരം വിറ്റിഡ്സരൺ മാത്രമായി ചിത്രത്തിൽ. പ്രണോയ് വെറുതെ കളഞ്ഞുകുളിച്ച പോയന്റുകളായിരുന്നു പലപ്പോഴും എതിരാളിയുടെ സ്കോർ ബോർഡിൽ അക്കങ്ങൾ മാറ്റിയെഴുതിയത്. കളി 14-9ന് മുന്നിൽ വിറ്റിഡ്സരൺ പിന്നെയും സമ്മർദവുമായി നിറഞ്ഞുനിന്നത് ഗെയിം 21-13ൽ തീർത്തു. ആത്മവിശ്വാസം ചോർന്നുപോയ പ്രണോയ് പിന്നീടെല്ലാം എളുപ്പം കൈവിടുന്നതാണ് കണ്ടത്. എതിരാളി ഒട്ടും പ്രയാസപ്പെടാതെ സ്കോർ ബോർഡ് ചലിപ്പിച്ചപ്പോൾ പ്രണോയ് ഓരോ പോയന്റിലും ശരിക്കും വിയർത്തു. അടിയും തടയും പിഴച്ച് ഉഴറിയ 31കാരനോട് ഒട്ടും ദാക്ഷിണ്യം കാട്ടാതെ എതിരാളി കളി പിടിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.