ന്യൂഡൽഹി: കഴിഞ്ഞ നാല് മാസമായി ആരോഗ്യ പ്രശ്നങ്ങളുമായി മല്ലിടുകയാണെന്ന് മലയാളിയും ലോക ഒമ്പതാം നമ്പർ ബാഡ്മിന്റൺ താരവുമായ എച്ച്.എസ്. പ്രണോയ്. ദഹനനാളത്തിലെ ചില ബുദ്ധിമുട്ടുകൾ കാരണം ശാരീരികമായി മാത്രമല്ല, മാനസികമായും തളർന്നുപോയെന്ന് പ്രണോയ് പറഞ്ഞു.
2018 ലോക ചാമ്പ്യൻഷിപ്പിനിടെയാണ് പ്രണോയിക്ക് ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം കണ്ടെത്തിയത്. നെഞ്ചെരിച്ചിൽ, വയറുവേദന, നെഞ്ച് വേദന, സ്വനപേടകത്തിലെ വീക്കം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. തുടർന്ന് രണ്ട് വർഷം പരിശീലനത്തെ ബാധിച്ചു. പിന്നീട് ഫോമിലേക്കുയർന്നെങ്കിലും കഴിഞ്ഞ നാലു മാസമായി സുഖമില്ലെന്ന് പ്രണോയ് പറഞ്ഞു.
ഇതെല്ലാം കരിയറിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നതായി മലയാളി താരം പറഞ്ഞു. കുറച്ച് മാസം കൂടി കഴിഞ്ഞാൽ എല്ലാം ഭേദമാകുമെന്ന് പ്രണോയ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 31കാരനായ പ്രണോയ് 2022ൽ ഇന്ത്യ തോമസ് കപ്പിൽ ചരിത്ര വിജയം നേടിയപ്പോൾ നിർണായക പങ്ക് വഹിച്ചിരുന്നു. മലേഷ്യ മാസ്റ്റേഴ്സിൽ കിരീടവും ചൂടിയിരുന്നു. കഴിഞ്ഞ വർഷം ആസ്ട്രേലിയൻ ഓപണിൽ റണ്ണറപ്പുമായി. ഒളിമ്പിക്സിന് യോഗ്യത നേടിയ പ്രണോയ് പാരിസിൽ ഇറങ്ങാനാകുമെന്ന പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.