ബാഡ്മിന്റൺ കോർട്ടിലെ വെള്ളത്തൂവലിനെ പ്രണയിച്ചവനാണ് ഹസീന സുനിൽ കുമാർ പ്രണോയ് എന്ന തിരുവനന്തപുരത്തുകാരൻ. കരിയറിൽ പലകാലത്തും പരിക്കും ഫോമില്ലായ്മയും അസ്ഥിരതയും വില്ലൻവേഷം കെട്ടിയിട്ടും അസാധ്യ ആംഗിളുകളിൽനിന്നുള്ള നിലംതുളക്കുന്ന സ്മാഷുകളിലൂടെയെന്ന പോലെ അവയെല്ലാം അതിജീവിച്ച 29കാരന്റെ ചിറകിലെ പൊൻതൂവലാണ് തോമസ് കപ്പ് ടൂർണമെന്റിലെ ഇന്ത്യയുടെ ഉജ്ജ്വല വിജയം.
വമ്പൻതാരങ്ങൾക്കെതിരെ കരുത്തുറ്റ ഗെയിം പുറത്തെടുത്ത് അട്ടിമറികൾ നടത്താനുള്ള കഴിവാണ് പ്രണോയിയെ വ്യത്യസ്തനാക്കുന്നത്. ലോകറാങ്കിങ്ങിൽ ആദ്യ 15ന് പുറത്തായിട്ടും (പ്രണോയിയുടെ റാങ്ക് 23) ലോക ബാഡ്മിന്റണിലെ പ്രധാന പുരുഷ ടീം ടൂർണമെന്റായ തോമസ് കപ്പിനുള്ള ഇന്ത്യൻ ടീമിൽ പ്രണോയിക്ക് ഇടംനേടിക്കൊടുത്തത് ഈ മിടുക്കായിരുന്നു.
2021 നവംബറിനും 2022 മാർച്ചിനുമടിയിൽ പ്രണോയിയുടെ റാക്കറ്റിനുമുന്നിൽ പിടഞ്ഞുവീണവരുടെ പട്ടിക നോക്കുക-ഇന്തോനേഷ്യ മാസ്റ്റേഴ്സിൽ ലോക ഒന്നാം നമ്പർ വിക്ടർ അക്സൽസൺ, ലോക ചാമ്പ്യൻഷിപ്പിലും ജർമൻ ഓപണിലും 12ാം നമ്പർ എൻഗ്ക ലോങ് ആഗ്നസ്, ലോകചാമ്പ്യൻഷിപ്പിൽ 13ാം നമ്പർ ഡെന്മാർകിന്റെ റാസ്മസ് ജെംകെ, സ്വിസ് ഓപണിൽ അഞ്ചാം നമ്പർ ആന്റണി ജിന്റിങ്. അതിനുമുമ്പും വമ്പൻ താരങ്ങളെ വീഴ്ത്തുന്നതിൽ പ്രണോയ് പ്രത്യേക മിടുക്ക് കാണിച്ചിരുന്നു. ഇതിഹാസതാരം ലിൻ ഡാനിനെതിരെ പ്രണോയിയുടെ റെക്കോഡ് 2-1 ആണ്.
ലീ ചോങ് വെയ്, ചെൻ ലോങ്, തൗഫീക് ഹിദായത്ത് തുടങ്ങിയ പ്രമുഖർക്കെതിരെയെല്ലാം ജയങ്ങൾ പ്രണോയിയുടെ അക്കൗണ്ടിലുണ്ട്. കരുത്തരെ മലർത്തിയടിക്കാറുണ്ടെങ്കിലും സ്ഥിരത നിലനിർത്താനാവുന്നില്ലെന്നതായിരുന്നു പ്രണോയിക്ക് മുൻകാലങ്ങളിൽ തിരിച്ചടിയായിരുന്നത്. സമീപകാലത്ത് അതിലും മെച്ചപ്പെട്ടതോടെയാണ് തോമസ് കപ്പിനുള്ള ടീമിൽ നറുക്കുവീണത്. തോമസ് കപ്പ് വിജയം ഏറെ അഭിമാനകരമാണെന്ന് പ്രണോയ് പറഞ്ഞു. ''രാജ്യത്തിനായുള്ള കിരീടവിജയം ഏറെ സന്തോഷം പകരുന്നതാണ്. മിക്കപ്പോഴും വ്യക്തിഗതമായി കളിക്കേണ്ടതാണല്ലോ ബാഡ്മിന്റൺ. ഇവിടെ ടീം ആയി കളിക്കുന്നത് ഒന്നുവേറെതന്നെയാണ്. നിങ്ങൾ മികവിന്റെ പാരമ്യത്തിലേക്കുയരാൻ ഇത്തരം സന്ദർഭങ്ങൾ തുണയാകും'' -പ്രണോയ് പറഞ്ഞു. 'എനിക്ക് ഉറങ്ങണമെന്നുണ്ട്. എന്നാൽ, ജേതാക്കളായതിന്റെ സന്തോഷത്തിൽ എനിക്കതിന് സാധിക്കുന്നില്ല' എന്ന അടിക്കുറിപ്പുമായി മെഡലുമായി കിടക്കുന്ന പടം പ്രണോയ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
പ്രണോയിക്ക് ഈ കിരീടവിജയം ഒരു കണക്കുതീർക്കൽകൂടിയാണ്. മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടും അർജുന പുരസ്കാരത്തിനുള്ള പട്ടികയിൽനിന്ന് തുടർച്ചയായി അവഗണിക്കപ്പെടുന്നതിലെ രോഷം പ്രണോയ് അടുത്തിടെ പ്രകടിപ്പിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രണോയ് മനസ്സ് തുറന്നതിനെ തുടർന്ന് (പിന്നീടത് ഡിലീറ്റ് ചെയ്തു) താരത്തിന് ബാഡ്മിന്റൺ ഫെഡറേഷൻ കാാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. അതേ ഫെഡറേഷൻ ഇപ്പോൾ പ്രണോയിയെ അഭിനന്ദനംകൊണ്ട് മൂടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.