ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി ഇന്ത്യ ഓപൺ ബാഡ്മിന്റണിൽ പുരുഷ സിംഗ്ൾസിലും ഡബ്ൾസിലും ഇന്ത്യൻ താരാധിപത്യം. സിംഗ്ൾസിൽ ലോകചാമ്പ്യൻ ലോഹ് കീനിനെ നേരിട്ടുള്ള സെറ്റുകളിൽ മറിച്ചിട്ടപ്പോൾ മൂന്നുതവണ ലോക ചാമ്പ്യന്മാരായ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സൻ- ഹെന്ദ്ര സെറ്റ്യാവൻ സഖ്യത്തെ 21-16, 26-24നും കടന്നാണ് കിരീടമുത്തം.
പി.വി. സിന്ധു തോൽക്കുകയും ശ്രീകാന്തുൾപ്പെടെ കോവിഡിലും അല്ലാതെയും നേരത്തേ മടങ്ങുകയും ചെയ്തതോടെ ലക്ഷ്യയിലായിരുന്നു ഇന്ത്യ പ്രതീക്ഷ വെച്ചത്. സെമിയിൽ മലേഷ്യയുടെ സി യോങ്ങിനെ മൂന്നു സെറ്റ് നീണ്ട മത്സരത്തിൽ കടന്ന ലക്ഷ്യക്കു പക്ഷേ, കലാശപ്പോരിൽ കൊമ്പുകോർക്കേണ്ടിവന്നത് ഏറ്റവും കരുത്തനായ എതിരാളിയുമായി.
എന്നാൽ, ഒട്ടും പതറാതെ മനോഹര ഗെയിമുമായി ആദ്യവസാനം ലീഡ് നിലനിർത്തിയാണ് അനായാസ വിജയത്തിലേക്ക് 20കാരൻ റാക്കറ്റേന്തിയത്. സ്കോർ: 24-22, 20-17. ആദ്യ സെറ്റിൽ ആദ്യ പോയന്റ് സ്വന്തമാക്കി തുടങ്ങിയ സിംഗപ്പൂർ താരത്തെ പിറകിലാക്കി അതിവേഗം കുതിച്ച ലക്ഷ്യ ഒരുഘട്ടത്തിൽ 16-9 വരെ എത്തിയെങ്കിലും പിന്നീട് 19-20ന് എതിരാളിക്ക് ലീഡ് നൽകി.
അവിടെനിന്ന് പിടിച്ചാണ് 24-22ൽ ഗെയിം തീർത്തത്. രണ്ടാം സെറ്റിലും ആദ്യം പോയന്റ് സ്വന്തമാക്കിയത് ലോഹ്. ഒപ്പത്തിനൊപ്പം മുന്നേറിയ പോരാട്ടം പാതിവഴി പിന്നിട്ടതോടെ ലക്ഷ്യയുടെ വഴിയേ ആയി. ആദ്യ സെറ്റിലെ നഷ്ടം വരാതെ കാത്ത ലക്ഷ്യ 21-17ന് സെറ്റും ചാമ്പ്യൻഷിപ്പും പിടിക്കുകയായിരുന്നു. ടൂർണമെന്റിലെ കരുത്തരായ എതിരാളികളെയാണ് സാത്വിക്-ചിരാഗ് സഖ്യവും മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.