എച്ച്.എസ്. പ്രണോയ്

പ്രണോയിലേറി ഇന്ത്യ; തോമസ് കപ്പിൽ ചരിത്രമെഡലുറപ്പിച്ചു

ബാങ്കോക്: 73 കൊല്ലത്തെ തോമസ് കപ്പ് ബാഡ്മിന്റൺ ചരിത്രത്തിലാദ്യമായി മെഡലുറപ്പിച്ച് ഇന്ത്യ. ഇംപാക്ട് അറീനയിൽ നടന്ന ഇഞ്ചോടിഞ്ച് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മലേഷ്യയെ 3-2ന് തോൽപിച്ചാണ് പുരുഷസംഘം സെമിഫൈനലിൽ പ്രവേശിച്ചത്.

സെമിയിൽ തോറ്റാലും ഇന്ത്യക്ക് വെങ്കല മെഡൽ ലഭിക്കും. മലയാളി താരം എച്ച്.എസ്. പ്രണോയും കിഡംബി ശ്രീകാന്തും സാത്വിക്-ചിരാഗ് സഖ്യവുമാണ് വിജയം കണ്ടവർ. ഓരോ ഡബ്ൾസ്, സിംഗ്ൾസ് മത്സരങ്ങളിൽ തോറ്റതോടെ 2-2 എന്ന നിലയിൽ നിന്ന ഇന്ത്യയെ പ്രണോയാണ് സെമിയിലേക്കു നയിച്ചത്. യുവാൻ ഹാവോയെ 21-13, 21-18 എന്ന സ്കോറിന് പ്രണോയ് പരാജയപ്പെടുത്തി. ഡെന്മാർക്-ദക്ഷിണ കൊറിയ ക്വാർട്ടർ ജേതാക്കളെ ഇന്ത്യ വെള്ളിയാഴ്ച സെമിയിൽ നേരിടും.

ലക്ഷ്യ സെന്നാണ് പോരാട്ടത്തിന് തുടക്കമിട്ടത്. സിംഗ്ൾസിൽ ലീ സീ ജിയയോട് ലക്ഷ്യ തോൽവി രുചിച്ചു. തുടർന്ന് ഡബ്ൾസിൽ സാത്വിക് സായ് രാജ് -ചിരാദ് ഷെട്ടി കൂട്ടുകെട്ട് ഗോ ഷേ ഫെയ് -നൂർ ഇസ്സുദ്ദീൻ സഖ്യത്തെ കീഴ്പ്പെടുത്തിയതോടെ 1-1. ശ്രീകാന്തിന്റെ ജയം ഇന്ത്യക്ക് വീണ്ടും മുൻതൂക്കം നൽകിയെങ്കിലും കൃഷ്ണപ്രസാദ് ഗരാഗ-വിഷ്ണുവർധൻ സഖ്യം തോറ്റതോടെ വീണ്ടും ഒപ്പത്തിനൊപ്പം. ഇതോടെ സെമിയിലെത്തിക്കേണ്ട ചുമതല പ്രണോയിക്കായി. 1979നുശേഷം ഇന്ത്യ തോമസ് കപ്പ് സെമിയിൽ കടക്കുന്നതും ഇതാദ്യമാണ്. 1952ലും 55ലും സെമിയിൽ പ്രവേശിച്ചിരുന്നു. അക്കാലത്ത് ഫൈനലിസ്റ്റുകൾക്കു മാത്രമായിരുന്നു മെഡൽ.

അതേസമയം, ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധു നയിച്ച ഇന്ത്യൻ വനിത ടീം ഉബർ കപ്പ് ബാഡ്മിന്റൺ ക്വാർട്ടർ ഫൈനലിൽ പുറത്തായി. തായ് ലൻഡ് താരങ്ങളോട് അഞ്ചു മത്സരങ്ങളിൽ ആദ്യ മൂന്നിലും അടിയറവ് പറഞ്ഞതോടെ ശേഷിച്ച രണ്ടെണ്ണം അപ്രസക്തമായി. രച്നോക് ഇൻറനോണിനോട് 21-18, 17-21, 12-21 സ്കോറിനായിരുന്നു സിന്ധുവിന്റെ തോൽവി. ശ്രുതി മിശ്ര-സിംറാൻ സിംഘി ഡബ്ൾസ് ജോടിയും ആകർഷി കശ്യപും തായ് താരങ്ങളോട് മുട്ടുമടക്കിയതോടെ ഇന്ത്യ 0-3ന് പിന്നിലായി.

Tags:    
News Summary - india secured the history medal in the Thomas cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.