ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം നന്ദു നടേക്കർ അന്തരിച്ചു. 88 വയസായിരുന്നു. 1961ൽ അർജുന അവാർഡ് നേടിയ ആദ്യ കളിക്കാരനാണ് അദ്ദേഹം. വിദേശത്ത് ടൂർണമെന്‍റ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായിരുന്നു നന്ദു. 1956ൽ മലേഷ്യയിൽ നടന്ന സെല്ലാനഗർ ടൂർണമെന്‍റിലായിരുന്നു നന്ദുവിന്‍റെ വിജയഗാഥ.
1953ൽ 20ാം വയസിൽ ആദ്യമായി രാജ്യത്തെ പ്രതിനിധീകരിച്ചു. 1954ൽ ആൾ ഇംഗ്ലണ്ട് ഓപൺ ക്വാർട്ടർ ഫൈനലിലുമെത്തി. 1980, 1981 വർഷങ്ങളിൽ ടൂർണമെന്‍റിന്‍റെ വെറ്ററൻ ഡബിൾസ് വിഭാഗത്തിൽ അദ്ദേഹം ജേതാവായിരുന്നു. 1982 രണ്ടാം സ്ഥാനക്കാരനുമായി. ആറ് തവണ ദേശീയ ചാമ്പ്യനായി. 1965ൽ ജമൈക്കയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചു.
1951-63 കാലയളവിൽ ഇന്ത്യൻ തോമസ് കപ്പ് ടീമിന്‍റെ ഭാഗമായിരുന്ന അദ്ദേഹം 16 സിംഗിൾസ് മത്സരങ്ങളിൽ 12ലും വിജയിച്ചു. 16 ഡബിൾസ് മത്സരത്തിൽ റാക്കറ്റേന്തിയ താരം എട്ടെണ്ണത്തിൽ വിജയിച്ചാണ് തിരിച്ചുകയറിയത്. 1959,1961, 1963 വർഷങ്ങളിൽ നന്ദുവായിരുന്നു ഇന്ത്യയെ നയിച്ചിരുന്നത്.
പ്രശസ്ത ടെന്നിസ് താരം ഗൗരവ് നടേക്കർ മകനാണ്. 1994 ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ ഗൗരവ്-ലിയാണ്ടർ പേസ് സഖ്യം പുരുഷ വിഭാഗം ഡബിൾസിൽ സ്വർണം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.