ക്വാലാലംപൂര്‍: ബാഡ്മിന്റൺ ഏഷ്യ ടീം ചാമ്പ്യൻഷിപ്പിൽ ഇന്ത്യന്‍ വനിതകള്‍ക്ക് കിരീടം. മലേഷ്യയില്‍ നടന്ന ഫൈനലിൽ തായ്‌ലന്‍ഡിനെ 3-2ന് തോല്‍പ്പിച്ചാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. പി.വി. സിന്ധു, ഗായത്രി ഗോപീചന്ദ്, മലയാളി താരം ട്രീസ ജോളി, അന്‍മോൾ ഖര്‍ബ് എന്നിവരാണ് നിർണായക പോരാട്ടങ്ങളിൽ തായ്‌ലാന്‍ഡിനെ വീഴ്ത്തിയത്. ആദ്യമായാണ് ഇന്ത്യ ബാഡ്മിന്റൺ ഏഷ്യ ടീം ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുന്നതും ജേതാക്കളാവുന്നതും. ടൂർണമെന്റിൽ ചൈന, ഹോങ്കോങ്, ജപ്പാൻ, തായ്‍ലൻഡ് ടീമുകളെ വീഴ്ത്തിയാണ് അഭിമാന നേട്ടത്തിലെത്തിയത്.
പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരം പി.വി. സിന്ധുവിന്റെ തിരിച്ചുവരവിന് വേദിയായ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. തായ്‌ലാന്‍ഡിന്റെ സുപനിന്ദ കതേതോങ്ങിനെ 21-12, 21-21ന് തോല്‍പ്പിച്ച് സിന്ധു ഫൈനലിൽ ഇന്ത്യന്‍ ടീമിന് ആദ്യ ലീഡ് നല്‍കി. 39 മിനിറ്റാണ് സിന്ധു വിജയം പിടിച്ചത്.
തുടര്‍ന്ന് ഡബിൾസിൽ ഗായത്രി ഗോപീചന്ദ്-മലയാളി താരം ജോളി ട്രീസ സഖ്യം ജോങ് കൊല്‍ഫാം കിതിതറാകുല്‍-രവിന്ദ പ്രജോങ്ജല്‍ സഖ്യത്തെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ വീഴ്ത്തി. സ്കോർ: 21-16, 18-21, 21-16. അതേസമയം ഇന്ത്യന്‍ താരം അശ്മിത ചാലിഹ ബുസാനന്‍ ഓങ്ബാംറുങ്ഫാനോട് തോറ്റതും (11-21, 14-21) രണ്ടാം ഡബിള്‍സിൽ പ്രിയ കോൻജങ്ബാം-ശ്രുതി മിശ്ര സഖ്യം തോറ്റതും ഇന്ത്യക്ക് തിരിച്ചടിയായി.
എന്നാല്‍, അവസാന പോരാട്ടത്തിൽ പതിനാറുകാരി അന്‍മോൾ ഖര്‍ബ് ലോക 45ാം റാങ്കുകാരിയായ പോണ്‍പിച്ച ചൊയ്കീവോങ്ങിനെ 21-14, 21-9 എന്ന സ്കോറിന് പരാജയപ്പെടുത്തി ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് നയിക്കുകയായിരുന്നു. ലോക റാങ്കിങ്ങില്‍ 472ാം സ്ഥാനക്കാരിയാണ് അന്‍മോൾ ഖര്‍ബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.