കൊച്ചി: തായ്ലന്ഡ് ഓപണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മലയാളി താരം കിരണ്‍ ജോര്‍ജ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതിന്റെ സന്തോഷത്തില്‍ ജന്മനാടും കുടുംബവും. എറണാകുളം കടവന്ത്ര സ്വദേശിയാണ് ലോക 26ാം നമ്പര്‍ താരത്തെ അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയ കിരണ്‍. ബാഡ്മിന്റണ്‍ കുടുംബമാണ് കിരണിന്റേത്.
അര്‍ജുന അവാര്‍ഡ് ജേതാവായ ബാഡ്മിന്റണ്‍ താരം ജോര്‍ജ് തോമസിന്റെയും യൂനിവേഴ്സിറ്റി താരമായിരുന്ന പ്രീത ജോർജിന്റെയും മകനാണ് 23കാരന്. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ലോക 26ാം നമ്പര്‍ താരമായ ചൈനയുടെ വെങ് ഹോങ് യാങ്ങിനെയാണ് കിരണ്‍ തോൽപിച്ചത്. വെറും 39 മിനിറ്റുകൊണ്ടായിരുന്നു വിജയം. നിലവില്‍ ലോകറാങ്കിങ്ങില്‍ 59ാമനാണ് കിരണ്‍.
രാജ്യത്തിനായി 1998ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കളിച്ച് വെള്ളി നേടിയ ടീമിലെ അംഗമായിരുന്ന പിതാവ് ജോർജ് തോമസിന് ബാഡ്മിന്റണിലെ മികവ് പരിഗണിച്ച് 2002ല്‍ രാജ്യം അര്‍ജുന നല്കി ആദരിച്ചു. സഹോദരന് അരുണ്‍ തോമസ് ഡബ്ള്‍സിലാണ് പ്രതിഭ തെളിയിച്ചിട്ടുള്ളത്. പ്രകാശ് പദുക്കോണ്‍ അക്കാദമി, ഗോപിചന്ദ് അക്കാദമി എന്നിവിടങ്ങളില്‍ നിന്ന് പരിശീലനം നേടിയ അരുണ്‍, നിലവില്‍ തിരുവനന്തപുരം ഏജീസ് ഓഫിസില്‍ ജോലി ചെയ്യുന്നു. സഹോദരന്റെ വഴിയേ കൗമാരത്തില്‍ ബംഗളൂരുവിലെ പദുക്കോണ്‍ അക്കാദമിയിലെത്തിയ കിരണ്‍ നിലവില്‍ ഇവിടെയാണ് പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്.
വൈറ്റില ടോക് എച്ച് സ്കൂളിലായിരുന്നു പഠനം. തോമസ് കപ്പ്, അണ്ടര്‍ 17 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് എന്നിവയില്‍ കളിച്ചിട്ടുണ്ട്. അമ്മ പ്രീതയും ബാങ്കോക്കില്‍ കിരണിനോടൊപ്പമുണ്ട്. ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി കിരൺ രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്നത് സ്വപ്നം കാണുകയാണ് കുടുംബം. വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടറിൽ ശുഭപ്രതീക്ഷയുണ്ടെന്ന് സഹോദരൻ അരുൺ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.