ടോക്യോ: ജപ്പാൻ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ സിംഗ്ൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിഫൈനലിൽ. മലയാളി താരം എച്ച്.എസ്. പ്രണോയിയും ഡബ്ൾസിൽ സാത്വിക് സായ്‌രാജ് റാൻകിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും പുറത്തായി. ലോക 13ാം നമ്പറായ ലക്ഷ്യ സെൻ 33ാം റാങ്കുകാരനായ ജാപ്പനീസ് താരം കോക്കി വാടനാബെയ്‌ക്കെതിരെ 21-15, 21-19 എന്ന സ്‌കോറിന് ജയിച്ചാണ് സീസണിൽ തുടർച്ചയായ മൂന്നാം സെമിഫൈനലിലെത്തിയത്.
സെമിയിൽ അഞ്ചാം സീഡ് ഇന്തോനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയാണ് ലക്ഷ്യയുടെ എതിരാളി. 2021ലെ ലോക ചാമ്പ്യൻഷിപ് വെങ്കലമെഡൽ ജേതാവായ ലക്ഷ്യ സെൻ, ഈ മാസം ആദ്യം കാനഡ ഓപൺ സൂപ്പർ 500 കിരീടം നേടിയിരുന്നു. ലോക ഒന്നാം നമ്പറായ വിക്ടർ ആക്‌സെൽസെന്നിനെതിരെ പ്രണോയിയുടെ തോൽവി ഹൃദയഭേദകമായിരുന്നു. ആദ്യ ഗെയിം 21-19ന് മലയാളി താരം സ്വന്തമാക്കിയിരുന്നു. പിന്നീടുള്ള രണ്ടു ഗെയിമുകളിലും 21-18, 21-8 എന്ന സ്കോറിന് ഡാനിഷ് താരം തിരിച്ചുവന്നു.
ഒളിമ്പിക് ജേതാക്കളായ ചൈനീസ് തായ്‌പേയിയുടെ ലീ യാങ്-വാങ് ചിലാൻ സഖ്യത്തോട് പൊരുതിയാണ് സാത്വിക് സായ്‌രാജ് റാൻകിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം കീഴടങ്ങിയത്. സ്കോർ: 15-21, 25-23, 16-21. ഇന്ത്യയുടെ സൂപ്പർഹിറ്റ് സഖ്യത്തിന്റെ തുടർച്ചയായ 12 മത്സരങ്ങളിലെ വിജയപരമ്പരക്കാണ് ഇതോടെ അവസാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.