ക്വാലാലംപുർ: മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ് ഫൈനലിൽ പ്രവേശിച്ചപ്പോൾ പി.വി. സിന്ധു സെമി ഫൈനലിൽ തോറ്റു പുറത്തായി. പുരുഷ സിംഗ്ൾസ് സെമിയിലെ എതിരാളി ഇന്തോനേഷ്യക്കാരൻ ക്രിസ്റ്റ്യൻ അദിനാത മത്സരത്തിനിടെ പരിക്കേറ്റ് പുറത്തായതാണ് മലയാളി താരമായ പ്രണോയിയുടെ ഫൈനൽ പ്രവേശനം എളുപ്പമാക്കിയത്.
ഞായറാഴ്ചത്തെ ഫൈനലിൽ ചൈനയുടെ വെങ് ഹോങ് യാങ്ങിനെ നേരിടും. ഇരട്ട ഒളിമ്പിക് മെഡൽ ജേത്രിയായ സിന്ധു വനിത സിംഗ്ൾസിൽ ഇന്തോനേഷ്യയുടെ തന്നെ ജോർജിയ മരിസ്ക തുൻജുങ്ങിനോട് 14-21, 17-21 സ്കോറിന് പരാജയപ്പെട്ടു. സെമിയിലെ ആദ്യ ഗെയിമിൽ പ്രണോയ് 19-17ന് മുന്നിൽ നിൽക്കെയാണ് അദിനാത പരിക്കേറ്റ് വീണത്. മത്സരം തുടരാനാവാതെ താരം പിൻവാങ്ങിയതോടെ പ്രണോയ് ഫൈനലിലെത്തിയതായി പ്രഖ്യാപനം വന്നു. നിലവിൽ ലോക ഒമ്പതാം നമ്പർ താരമായ തിരുവനന്തപുരത്തുകാരനെതിരെ കിരീടപ്പോരാട്ടത്തിനിറങ്ങുന്ന വെങ് ഹോങ് സെമിയിൽ ചൈനീസ് തായ്പേയിയുടെ ലിൻ ചുൻ യീയെ 21-13, 21-19നാണ് തോൽപിച്ചത്.
ലോക 27ാം റാങ്കുകാരനാണ് വെങ് ഹോങ്. കിരീടം നേടിയാൽ മലേഷ്യ മാസ്റ്റേഴ്സ് പുരുഷ സിംഗ്ൾസ് ജേതാവാകുന്ന ആദ്യ ഇന്ത്യക്കാരനാവും പ്രണോയ്. താൻ ആഗ്രഹിച്ച രീതിയിലല്ല മത്സരം അവസാനിച്ചതെന്ന് പ്രണോയ് പറഞ്ഞു. ‘‘നിരവധി പരിക്കുകളിലൂടെ കടന്നുപോയ എനിക്ക് ക്രിസ്റ്റ്യൻ (അദിനാത) അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാവും. സത്യം പറഞ്ഞാൽ എനിക്ക് സങ്കടമുണ്ട്. കാരണം പരിക്ക് എത്ര വേദനജനകമാണെന്ന് എനിക്കറിയാം. അവൻ കരുത്തോടെ ഉടൻ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ ഫൈനലിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എന്നിരുന്നാലും കോർട്ടിൽ പുതിയൊരാളായി മാറിയേക്കാം’’ -30കാരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.