ക്വാലാലംപുർ: മലേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയുടെ കുതിപ്പ് തുടരുന്നു. പ്രണോയ് സെമിയിൽ കടന്നപ്പോൾ വനിതകളിലെ ഇന്ത്യൻ പ്രതീക്ഷ പി.വി. സിന്ധു ക്വാർട്ടറിൽ തോറ്റുപുറത്തായി.
ലോക 19ാം നമ്പർ താരമായ പ്രണോയ് 14ാം നമ്പർ ജപ്പാന്റെ കാന്റ സുനെയാമയെയാണ് നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയത്. സ്കോർ: 25-23, 22-20. ഒരു മണിക്കൂർ നീണ്ട കടുത്ത പോരാട്ടത്തിലായിരുന്നു പ്രണോയിയുടെ വിജയം. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ ആദ്യ സെറ്റിൽ ഒടുവിൽ വെന്നിക്കൊടി നാട്ടിയ പ്രണോയ് രണ്ടാം സെറ്റിൽ 18-20ന് പിറികിൽനിന്ന ശേഷമാണ് തുടരെ നാലു പോയന്റ് സ്വന്തമാക്കി സെമിയിലേക്ക് കുതിച്ചത്. ശനിയാഴ്ച നടക്കുന്ന സെമിയിൽ എട്ടാം സീഡ് ഹോങ്കോങ്ങിന്റെ എൻഗ് കാ ലോങ് ആൻഗസ് ആണ് പ്രണോയിയുടെ എതിരാളി.
ഏഴാം നമ്പർ താരമായ സിന്ധു ഒരിക്കൽ കൂടി രണ്ടാം നമ്പർ തായ്വാന്റെ തായ് സൂ യിങ്ങിനുമുന്നിലാണ് മുട്ടുമടക്കിയത്. സ്കോർ: 21-13, 12-21, 21-12. പരസ്പരമുള്ള 22ാം മത്സരത്തിൽ സിന്ധുവിന്റെ 17ാം തോൽവിയാണിത്. തൊട്ടുമുമ്പ് നടന്ന മലേഷ്യൻ ഓപണിലും തായ് സൂ യിങ്ങിനോടാണ് സിന്ധു തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.