നരേന്ദ്ര മോദി പ്രകീര്‍ത്തിച്ചു, ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു! പക്ഷേ, ഈ മലയാളിക്ക് അര്‍ജുന നല്‍കാന്‍ രാജ്യം മറന്നു!!

ലോകത്തെ മികച്ച താരങ്ങള്‍ക്കെതിരെ വിജയിക്കുന്ന, ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ഒരു ഇന്ത്യന്‍ കായിക താരത്തിന്റെ പേര് പറയൂ... ഉത്തരം എച്ച്.എസ് പ്രണോയ് എന്നാകും! അന്താരാഷ്ട്ര മത്സരങ്ങളെടുത്താല്‍, സമീപകാലത്ത് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയേക്കാള്‍ സ്ഥിരതയോടെ രാജ്യത്തിനായി തിളങ്ങിയ താരം.

ബാഡ്മിന്റണ്‍ മേഖലയെടുത്താല്‍ പി.വി സിന്ധുവും സൈനയുമാണ് അറിയപ്പെടുന്നവര്‍. പുരുഷ താരങ്ങളായ പി. കശ്യപും കെ. ശ്രീകാന്തും അതിന് ശേഷമേ ആരാധകരുടെ മനസ്സിലേക്ക് ഓടിയെത്തൂ. എച്ച്.എസ് പ്രണോയിയുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. ഇരുപത് വയസ്സുള്ള ലക്ഷ്യ സെന്നിന് ലഭിക്കുന്ന മാധ്യമ ശ്രദ്ധ പോലും പ്രണോയിക്ക് ലഭിച്ചിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഓള്‍ ഇംഗ്ലണ്ടിലും ജര്‍മന്‍ ഓപണിലും ഫൈനലില്‍ പ്രവേശിച്ചത് വേണ്ടത്ര ആഘോഷിക്കപ്പെട്ടോ?

ജൂനിയര്‍ തലത്തില്‍ സിംഗപ്പൂരില്‍ നടന്ന 2010 യൂത്ത് ഒളിമ്പിക്‌സ് വെള്ളി മെഡല്‍ നേടിക്കൊണ്ടായിരുന്നു പ്രണോയ് വരവറിയിച്ചത്. ആ വര്‍ഷം വേള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടി.

2015ല്‍ ഇന്ത്യ സൂപ്പര്‍ സീരീസിലാണ് സീനിയര്‍ തലത്തില്‍ പ്രണോയ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. ലോക രണ്ടാം നമ്പര്‍ യാന്‍ ജോര്‍ഗെന്‍സനെ തോൽപിച്ചതായിരുന്നു കാരണം. 2016ല്‍ സ്വിസ് ഗ്രാന്‍ഡ് പ്രീ ജേതാവായി ഫോം തുടര്‍ന്നു. ലോക രണ്ടാം നമ്പര്‍ താരമായിരുന്ന ജര്‍മന്‍ താരം മാര്‍ക് സ്വീബ്ലറിനെയാണ് ഫൈനലില്‍ മലര്‍ത്തിയടിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ ആയിരുന്ന കൊറിയയുടെ സണ്‍ വോന്‍ ഹോയെ അട്ടിമറിച്ചു.

പ്രണോയ് തോൽപിച്ച താരങ്ങളുടെ പട്ടികയൊന്ന് പരിശോധിക്കാം. രണ്ട് തവണ ലീ ചോംഗ് വീയെ, നിലവിലെ ലോകചാമ്പ്യന്‍ ലോ കീനെ രണ്ട് തവണ, ചോ ടിന്‍ ചെനെ മൂന്ന് തവണ, യാന്‍ യോര്‍ഗെന്‍സനെ നാല് തവണ, വിക്ടര്‍ അക്‌സെല്‍സനെ ഒരു തവണ, ആന്‍ഡേഴ്‌സ് അന്റന്‍സനെ രണ്ട് തവണ, സണ്‍ വോന്‍ ഹോയെ രണ്ട് തവണ, തൗഫീഖ് ഹിദായത്തിനെ ഒരു തവണ, ബാഡ്മിന്റണ്‍ ഇതിഹാസം ലിന്‍ ഡാനെ മൂന്ന് തവണ. ലോകോത്തര താരങ്ങളെ നേരിട്ടതില്‍ ജപ്പാന്റെ കെന്റോ മമോറ്റയെ മാത്രമേ ഇനി തോൽപിക്കാനുള്ളൂ. ഒളിമ്പിക് ചാമ്പ്യനായ ചെന്‍ ലോംഗും ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവായ ലീ ചോംഗ് വിയും പ്രണോയിക്ക് മുന്നില്‍ തകര്‍ന്നു പോയിരുന്നു.

ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യന്‍ ബാഡ്മിന്റണിലെ ആഘോഷിക്കപ്പെടാത്ത ഹീറോയുടെ മറ്റൊരു മഹദ്പ്രകടനം കൂടി അറിയണം. തോമസ് കപ്പില്‍ ഇന്ത്യ ചരിത്രം കുറിച്ചപ്പോഴായിരുന്നു അത്. ഡെന്‍മാര്‍ക്കിനെതിരെ സെമിഫൈനലിലെ നിര്‍ണായക മത്സരത്തില്‍ പരിക്ക് വകവെക്കാതെ ഇറങ്ങിയ പ്രണോയ് ഇന്ത്യയെ ഫൈനലിലെത്തിച്ചു. ഡാനിഷ് താരം റാസ്മുസെന്‍ ജെംകെയെയാണ് കാല്‍പാദത്തിനേറ്റ പരിക്കുമായി കളിച്ച് പ്രണോയ് തോല്‍പ്പിച്ചത്.

ഒരു രാത്രി കൊണ്ട് പ്രണോയ് ഇന്ത്യയുടെ ഹീറോ ആയി. തോമസ് കപ്പ് ജേതാക്കള്‍ക്ക് ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളുടെ സ്വീകരണമാണ് രാജ്യം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കളിക്കാര്‍ക്കൊരുക്കിയ വിരുന്നില്‍ പ്രണോയിക്കൊപ്പം ദീര്‍ഘനേരം സംസാരിച്ചു. രാജ്യത്തിന്റെ അഭിമാനമാണെന്ന് പ്രത്യേകം പരാമര്‍ശിച്ചു.

ഇനി പ്രണോയുടെ അലമാരയിലേക്ക് ഒന്ന് നോക്കണം. നിരവധി മെഡലുകളും ട്രോഫികളും അവിടെ കാണാം. പക്ഷേ, രാജ്യം കായിക താരങ്ങള്‍ക്ക് ആദരമായി നല്‍കുന്ന ഒരു പുരസ്‌കാരവും ആ അലമാരയില്‍ കാണില്ല. മികവ് വെച്ച് അര്‍ജുന അവാര്‍ഡ് 2015ല്‍ ലഭിക്കേണ്ടതായിരുന്നു. രാജ്യം നല്‍കിയില്ല! ഇനി നല്‍കിയിട്ടെന്ത് കാര്യം. പരാതികളോ പരിഭവമോ ഇല്ലാതെ മലയാളി ബാഡ്മിന്റണ്‍ താരം രാജ്യത്തിന്റെ യശസ്സ് തന്റെ റാക്കറ്റിനാല്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടേയിരിക്കുന്നു.

Tags:    
News Summary - Narendra Modi glorified, dined with! But the country forgot to give Arjuna to this Malayali!!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.