പാരിസ്: മത്സരശേഷം താരം പരിക്കേറ്റ് മടങ്ങിയതിന്റെ പേരിൽ ആദ്യ ജയം നിഷേധിക്കപ്പെട്ടതിന്റെ ക്ഷീണം തീർത്ത ജയവുമായി ലക്ഷ്യ സെന്നിന്റെ തേരോട്ടം. ലോക 52ാം നമ്പർ താരം ബെൽജിയത്തിന്റെ ജൂലിയൻ കരാഗിയെയാണ് നേരിട്ടുള്ള സെറ്റുകളിൽ 22 കാരൻ മറികടന്നത്. സ്കോർ 21-19, 21-14.
ഉടനീളം പിന്നിൽ നിന്നശേഷം ഉജ്ജ്വലമായി തിരിച്ചുവന്നായിരുന്നു ആദ്യ സെറ്റ് ലക്ഷ്യ പിടിച്ചത്. എതിരാളി ആക്രമണോത്സുകത പ്രകടിപ്പിച്ചപ്പോൾ പ്രതിരോധത്തിലൂന്നി പിടിച്ചുനിന്നും പിഴവുകൾ പോയന്റാക്കിയുമായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ആദ്യ സെറ്റിൽ അപ്രതീക്ഷിതമായി വീണതിന്റെ ആഘാതം ശരിക്കും ഇരുത്തിക്കളഞ്ഞ കരാഗി രണ്ടാം സെറ്റിൽ തുടക്കം മുതൽ പതറി. ഇത് തിരിച്ചറിഞ്ഞ് ആക്രമണത്തിന് മൂർച്ചകൂട്ടിയ ലക്ഷ്യ അനായാസം സെറ്റും കളിയും പിടിച്ച് ടൂർണമെന്റിലെ ആദ്യ പോയന്റ് സ്വന്തമാക്കി.
ആദ്യ മത്സരത്തിൽ കെവിൻ കോർഡനെതിരെ ആധികാരിക ജയവുമായി ലക്ഷ്യ മികച്ച തുടക്കം കുറിച്ചിരുന്നെങ്കിലും പരിക്കിനെതുടർന്ന് കോർഡൻ പിൻവാങ്ങിയിരുന്നു. ഇതോടെയാണ് മത്സരവും ജയവും അസാധുവാക്കപ്പെട്ടത്.
അതേസമയം, സമാനമായി പരിക്കേറ്റ് എതിരാളികൾ പിൻവാങ്ങിയതോടെ സാത്വിക് സായ് രാജ്- ചിരാഗ് ഷെട്ടി സഖ്യത്തിന്റെ രണ്ടാം മത്സരം ഉപേക്ഷിക്കപ്പെട്ടു. ഗ്രൂപ് സിയിലെ ഇവരുടെ രണ്ടാം മത്സരത്തിൽ ജർമനിയുടെ മാർവിൻ സീഡെൽ- മാർക് ലംസ്ഫസ് എന്നിവരുമായി തിങ്കളാഴ്ച മത്സരിക്കാനിരിക്കെയാണ് കാൽമുട്ടിന് പരിക്കേറ്റ് മാർക് പിൻവാങ്ങിയത്.
ഇതോടെ, മൂന്നാമത്തെ മത്സരത്തിൽ ഇവർക്ക് ജയം അനിവാര്യമായി. നാട്ടുകാരായ ലുകാസ് കോർവി- റൊനാൻ ലബാർ കൂട്ടുകെട്ടിനെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ‘സാറ്റ്-ചി’ സഖ്യം നേരിട്ടുള്ള സെറ്റുകളിൽ തോൽപിച്ചിരുന്നു. നാട്ടുകാരുടെ നിറഞ്ഞ പിന്തുണയോടെ കളിച്ച എതിരാളികളെ മുക്കാൽ മണിക്കൂറിലായിരുന്നു ഇരുവരും മടക്കിയത്. അതേസമയം, ഇന്തോനേഷ്യയുടെ താര ജോടികളായ ഫജർ അൽഫിയൻ- മുഹമ്മദ് റിയാൻ അർഡിയാന്റോ കൂട്ടുകെട്ടാകും ഇരുവർക്കും അടുത്ത എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.