തിരുവനന്തപുരത്തെ വീട്ടിലിരുന്ന് എച്ച്.എസ്. പ്രണോയിയുടെ മാതാപിതാക്കൾ മത്സരം വീക്ഷിക്കുന്നു 

പ്രതിസന്ധികളുടെ കോർട്ടിൽ പ്രണോയിയുടെ സ്വർണ സ്മാഷ്

തിരുവനന്തപുരം: തോമസ് കപ്പ് ബാഡ്മിന്റണിൽ ചരിത്രത്തിലാദ്യമായി ഇന്ത്യ മെഡലുറപ്പിച്ചത് എച്ച്.എസ്. പ്രണോയിയുടെ ഉജ്ജ്വലപ്രകടനത്തിലൂടെയാണ്. മലേഷ്യക്കെതിരായ ക്വാർട്ടർ ഫൈനൽ 2-2ൽ നിൽക്കെ നിർണായക മത്സരത്തിൽ പ്രണോയി വിജയം നേടിയപ്പോൾ രാജ്യം തോമസ് കപ്പിലെ പ്രഥമ മെഡലുറപ്പിച്ചു.

ഡെന്മാർക്കിനെതിരെ സെമിഫൈനലിലും പ്രതീക്ഷാഭാരം മുഴുവൻ പ്രണോയിയുടെ ചുമലിലെത്തി. ക്വാർട്ടറിലെപ്പോലെ 2-2. പിന്നെ മല‍യാളി താരത്തിന്റെ ഉജ്ജ്വല ജയം. ക്വാർട്ടറിലോ സെമിയിലോ പ്രണോയി പരാജയപ്പെട്ടിരുന്നെങ്കിൽ മുക്കാൽ നൂറ്റാണ്ടോളം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പ് തുടരുമായിരുന്നു.

പ്രണോയിയുടെയും സംഘത്തിന്റെയും സുവർണ നേട്ടം മാതാപിതാക്കളായ സുനിൽകുമാർ-ഹസീന ദമ്പതികളെയും സഹോദരി പ്രിയങ്കയെയും ഏറെ സന്തോഷിപ്പിക്കുകയാണ്. ഉന്നതങ്ങൾ കീഴടക്കുന്നതിനായി വിവാഹത്തിനുപോലും സമ്മതിക്കാതെ മകൻ നടത്തുന്ന പ്രയത്നം വിജയിച്ചതി‍െൻറ ആഹ്ലാദത്തിലാണിവർ. കഠിനാധ്വാനമാണ് നേട്ടത്തിന് കാരണമെന്ന് പിതാവ് സുനിൽകുമാർ 'മാധ്യമ' ത്തോട് പറഞ്ഞു. തലസ്ഥാനനഗരിയിലെ എയർഫോഴ്സ് സ്റ്റേഷന് സമീപമാണ് കുടുംബം താമസിക്കുന്നത്.

1992 ജൂലൈ 17 ന് ജനിച്ച പ്രണോയ് നിലവിൽ ബാഡ്മിന്‍റണിൽ ഇന്ത്യയിൽനിന്നുള്ള മികച്ച താരമാണ്. ഹൈദരാബാദിലെ ഗോപിചന്ദ് ബാഡ്മിന്‍റൺ അക്കാദമിയിലാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്. 2010 സമ്മർ യൂത്ത് ഒളിമ്പിക്സിൽ ആൺകുട്ടികളുടെ സിംഗിൾസിൽ വെള്ളി മെഡൽ നേടിയതോടെയാണ് പ്രണോയ് അറിയപ്പെട്ടു തുടങ്ങിയത്.

പിന്നീട് പല അട്ടിമറി ജയങ്ങളും. ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ വെങ്കലം, ദക്ഷിണേഷ്യൻ ഗെയിംസിലെ വെള്ളി, യൂത്ത് ഒളിമ്പിക് ഗെയിംസിലെ വെള്ളി, ബി.ഡബ്ല്യു.എഫ് വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ് വെങ്കലം എന്നിവയെല്ലാം. സ്പോൺസർഷിപ്പും ഫണ്ടില്ലായ്മയും ത‍െൻറ കരിയറിനെ ബാധിച്ചപ്പോഴും നേടാൻ ഇനിയും പലതുമുണ്ടെന്ന പ്രണോയിയുടെ ദൃഢനിശ്ചയമാണ് ഇപ്പോഴത്തെ സുവർണ നേട്ടത്തിലേക്ക് വഴിവെച്ചത്. അവഗണിച്ചവരോടുള്ള മധുര പ്രതികാരമായി വിജയം. വർഷങ്ങളായി ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചെവച്ചിട്ടും ജനിച്ചുവളർന്ന കേരളത്തിൽ നേരിടേണ്ടിവന്നത് തുടർച്ചയായ അവഗണനയായിരുന്നു.

എയർഫോഴ്സിൽനിന്നും ഐ.എസ്.ആർ.ഒയിൽ നിന്നും വിരമിച്ച പിതാവി‍െൻറ വലിയ പിന്തുണയാണ് പ്രണോയിയുടെ പ്രോത്സാഹനം. സ്പോൺസർമാർ പോലുമില്ലാതെ വിഷമിച്ച പലഘട്ടങ്ങളിലും മാതാപിതാക്കൾ കരുത്തായി. ''കായികമേഖലയിൽ ഒരാൾക്ക് തുടർച്ചയായി ഫോം നിലനിർത്താനാകില്ല. അതി‍െൻറ പേരിൽ മകൻ ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ, മികച്ച പ്രകടനം നടത്തുമ്പോൾ അത്തരത്തിലുള്ള അഭിനന്ദനം പലപ്പോഴുമുണ്ടാകാറില്ല''-സുനിൽ കുമാർ പറഞ്ഞു. കഴിഞ്ഞ നാലു വർഷമായി അർജുന അവാർഡ് സാധ്യത പട്ടികയിലേക്ക് പ്രണോയിയുടെ പേര് പരിഗണനക്ക് വന്നപ്പോഴും ഒഴിവാക്കപ്പെട്ടതിനു പിന്നിൽ സംസ്ഥാന പിന്തുണ ലഭിക്കാത്തതാണെന്നും വിമർശനമുയർന്നിരുന്നു.

Tags:    
News Summary - Pranoy's gold smash on the court of crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.