സിംഗപ്പൂർ: സിംഗപ്പൂർ ഓപൺ സൂപ്പർ 500 സീരിസ് ബാഡ്മിന്റൺ വനിത സിംഗ്ൾസിൽ ഇന്ത്യയുടെ കിരീട പ്രതീക്ഷയായ പി.വി. സിന്ധു സെമി ഫൈനലിൽ. ആവേശകരമായ ക്വാർട്ടർ ഫൈനൽ ചൈനയുടെ ഹാൻ യൂവിനെ പരാജയപ്പെടുത്തിയാണ് സെമി ടിക്കറ്റ്. സ്കോർ: 17-21, 21-11, 21-19. അതേസമയം, ഒളിമ്പിക് വെങ്കല ജേതാവ് സൈന നെഹ് വാളും മലയാളി താരം എച്ച്.എസ് പ്രണോയിയും ക്വാർട്ടർ ഫൈനലിൽ പുറത്തായി.
വനിത സിംഗ്ൾസ് ക്വാർട്ടറിൽ ആദ്യ ഗെയിം നഷ്ടപ്പെട്ടെങ്കിലും രണ്ടാമത്തേത് സ്വന്തമാക്കി തിരിച്ചെത്തിയ സിന്ധു അവസാനത്തേതും പിടിച്ചടക്കി ഗംഭീരപ്രകടനം കാഴ്ചവെച്ചു. ആദ്യ ഗെയിമുകളിൽ തുടരെത്തുടരെ പിഴവുകൾ വരുത്തിയത് തിരിച്ചടിയായി. എന്നാൽ, രണ്ടാം ഗെയിമിൽ ഹാൻ യൂവിന് 11 പോയിന്റ് മാത്രമാണ് വിട്ടുകൊടുത്തത്. മൂന്നാമത്തേതിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. മത്സരം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടു.
സെമിയില്‍ ജപ്പാന്റെ സയീന കവകാമിയാണ് സിന്ധുവിന്റെ എതിരാളി. ഹാൻ യൂവിനെതിരെ ഇതുവരെ മൂന്ന് മത്സരങ്ങളും രണ്ട് തവണ ഒളിമ്പിക് മെഡൽ നേടിയ സിന്ധുവിന് ജയിക്കാനായി. മേയിൽ തായ് ലൻഡ് ഓപൺ സെമിയിലെത്തിയ ശേഷം സിന്ധുവിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. കിരീടം സ്വന്തമാക്കി കോമൺ വെൽത്ത് ഗെയിംസിന് തിരിക്കാനായിരിക്കും ശ്രമം. മറ്റൊരു ക്വാർട്ടറിൽ ജപ്പാന്റെ അയാ ഒഹോരി 13-21, 21-15, 20-22 സ്കോറിനാണ് ഇന്ത്യയുടെ സൈനയെ വീഴ്ത്തിയത്.
പുരുഷ സിംഗ്ൾസ് ക്വാർട്ടറിൽ ജപ്പാന്റെ തന്നെ കൊഡായ് നരാവോക 21-12, 14-21, 18-21 സ്കോറിന് പ്രണോയിയെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.