രണ്ടുതവണ ഒളിമ്പിക്സ് മെഡൽ ജേതാവായ ഇന്ത്യയുടെ വനിത ബാഡ്മിന്റൺ താരം പി.വി സിന്ധുവിന് റാങ്കിങ്ങിൽ വീണ്ടും തിരിച്ചടി. ചൊവ്വാഴ്ച പുറത്തുവന്ന പട്ടികയിൽ മൂന്ന് സ്ഥാനം പിറകോട്ടിറങ്ങിയ താരം 15ാം സ്ഥാനത്താണ് ഇടമുറപ്പിച്ചത്. മുൻ ലോക രണ്ടാം നമ്പർ താരമായ സിന്ധുവിന്റെ ഈ വർഷത്തെ ഏറ്റവും മോശം റാങ്കാണിത്. 2023ന്റെ തുടക്കത്തിൽ ഏഴാം റാങ്കിലായിരുന്ന സിന്ധു ഏപ്രിലിൽ ആദ്യ പത്തിൽനിന്ന് പുറത്തായിരുന്നു.
2022ൽ ബർമിങ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ താരം പിന്നീട് തുടർച്ചയായ പരിക്കുകൾ കാരണം ഫോം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്നു. ഈ വർഷം മലേഷ്യൻ ഓപണിലും ഇന്ത്യൻ ഓപണിലും ഒന്നാം റൗണ്ടിൽ പുറത്തായി. എന്നാൽ, മാഡ്രിഡ് മാസ്റ്റേഴ്സ് ടൂർണമെന്റിൽ ഫൈനലിലും മലേഷ്യ മാസ്റ്റേഴ്സിൽ നാലാം സ്ഥാനത്തും എത്തിയിരുന്നു.
മറ്റൊരു ഇന്ത്യൻ താരം സൈന നെഹ്‍വാൾ 30ാം സ്ഥാനത്ത് തുടരുന്നു. പുരുഷന്മാരിൽ എട്ടാം റാങ്കിലുള്ള എച്ച്.എസ് പ്രണോയിയാണ് ഇന്ത്യൻ താരങ്ങളിൽ മുമ്പിൽ. മേയ് മാസം നടന്ന മലേഷ്യ മാസ്റ്റേഴ്സ് ടൂർണമെന്റിൽ താരം ജേതാവായിരുന്നു. 19ാം റാങ്കിലുള്ള ലക്ഷ്യ സെൻ ആണ് ഇന്ത്യൻ താരങ്ങളിൽ രണ്ടാമത്. മുൻ ലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്ത് നിലവിൽ 20ാം റാങ്കിലാണ്.
പുരുഷ ഡബിൾസിൽ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം മൂന്നാം റാങ്കിൽ തുടരുന്നു. വനിത ഡബിൾസിൽ ഗായത്രി ഗോപിചന്ദ്-ട്രീസ ജോളി സഖ്യം 17ാം റാങ്കിലാണ്. മിക്സഡ് ഡബിൾസിൽ 33ാം റാങ്കിലുള്ള രോഹൻ കപൂർ-സിക്കി റെഡ്ഡി സഖ്യമാണ് മുന്നിലുള്ള ഇന്ത്യൻ ജോഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.