ബാങ്കോക്: കോവിഡ് ടെസ്റ്റിൽ വട്ടംകറക്കി, എതിരാളിക്ക് വാക്കോവർ നൽകി ഒരു ദിവസം മുഴുവൻ തീതീറ്റിച്ച സംഘാടകർക്ക് കളത്തിൽ ചുട്ടമറുപടി നൽകി സൈന നെഹ്വാൾ തായ്ലൻഡ് ഓപൺ ബാഡ്മിൻറൺ വനിത സിംഗ്ൾസ് രണ്ടാം റൗണ്ടിൽ. ആദ്യ റൗണ്ടിൽ മലേഷ്യയുടെ സെൽവദുര്യ കിസോനയെ 21-15, 21-15 സ്കോറിന് കീഴടക്കിയാണ് സൈനയുടെ മുന്നേറ്റം. പുരുഷവിഭാഗത്തിൽ കെ. ശ്രീകാന്തും രണ്ടാം റൗണ്ടിൽ കടന്നു. അതേസമയം, പി. കശ്യപ് പുറത്തായി.
ചൊവ്വാഴ്ച കളത്തിലിറങ്ങാനിരിക്കെയാണ് സൈനയും പ്രണോയും കോവിഡ് പരിശോധനയിൽ പോസിറ്റിവായത്. ഇതോടെ, മത്സരം റദ്ദാക്കി എതിരാളിക്ക് വാക്കോവർ നൽകി. ആദ്യ രണ്ടു ടെസ്റ്റിലും നെഗറ്റിവാവുകയും പിന്നെ പോസിറ്റിവാകുകയും ചെയ്തതോടെ പരിശോധന വിവാദമാവുകയായിരുന്നു.
തുടർന്ന് വീണ്ടും പരിശോധിച്ചാണ് ഇരുവർക്കും കളത്തിലിറങ്ങാൻ അനുമതി നൽകിയത്. മത്സരത്തിൽ വ്യക്തമായ മേധാവിത്വം സ്ഥാപിച്ചുതന്നെ സൈന കളി ജയിച്ചു. പുരുഷ സിംഗ്ൾസിൽ ഇന്ത്യൻ താരം സൗരഭ് വർമയെ തോൽപിച്ചാണ് (21-12, 21-11) ശ്രീകാന്ത് രണ്ടാം റൗണ്ടിൽ കടന്നത്. പി. കശ്യപ് മത്സരത്തിനിടെ പിൻവാങ്ങി. മൂന്നാം ഗെയിമിൽ പിന്നിൽ നിൽക്കെയായിരുന്നു പേശിവേദനയോടെ പിൻവാങ്ങിയത്. എട്ടാം സീഡുകാരനായ സി ജിയയാണ് ശ്രീകാന്തിെൻറ അടുത്ത എതിരാളി. ആദ്യ റൗണ്ടിൽ എച്ച്.എസ്. പ്രണോയെ തോൽപിച്ചാണ് സി ജിയുടെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.