മലേഷ്യൻ ഓപൺ ബാഡ്മിന്റണിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സൂപ്പർ സഖ്യം. സെമിഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്ക് ദക്ഷിണ കൊറിയയിൽനിന്നുള്ള കാങ് മിൻ ഹ്യൂക്-സ്യോ സ്യൂങ് ജേ സഖ്യത്തെയാണ് ലോക രണ്ടാം റാങ്കുകാർ തകർത്തുവിട്ടത്. സ്കോർ: 21-18, 22-20.
നേരത്തെ നാലുതവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ മൂന്നു തവണയും ജയം ഇന്ത്യൻ സഖ്യത്തിനായിരുന്നു. ജയത്തോടെ ഓപൺ യുഗത്തിൽ മലേഷ്യൻ ഓപൺ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ സഖ്യമെന്ന നേട്ടവും സാത്വിക്-ചിരാഗ് ടീം സ്വന്തമാക്കി. ക്വാർട്ടർ ഫൈനലിൽ ലോക 32ാം റാങ്കുകാരായ ചൈനയുടെ ഹെ ജി ടിങ്-റെൻ സിയാങ് ഹു സഖ്യത്തെ 21-11, 21-8 എന്ന സ്കോറിന് തോൽപിച്ചായിരുന്നു സെമിഫൈനലിലേക്ക് മുന്നേറിയത്.
ഫൈനലിൽ ടോപ് സീഡ് ചൈനീസ് സഖ്യം ലിയാങ് വെയ് കെങ്-വാങ് ചാങ് എന്നിവരോ ജപ്പാന്റെ തകുരോ ഹോകി-യുഗൊ കബായാഷി സഖ്യമോ ആയിരിക്കും എതിരാളികൾ. 2023ൽ ആറ് കിരീടങ്ങളുമായി സ്വപ്നക്കുതിപ്പ് നടത്തിയ സാത്വികും ചിരാഗും പുതുവർഷവും കിരീട നേട്ടത്തോടെ തുടങ്ങാമെന്ന ആത്മവിശ്വാസത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.