പാരിസ്: പാരിസ് ഒളിമ്പിക്സിന് ദൂരമേറെയില്ലെന്നിരിക്കെ അതേ നഗരത്തിൽ വലിയ പ്രതീക്ഷ നൽകി രണ്ടാം കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ സഖ്യം. ചൈനീസ് തായ്പേയിയുടെ ലീ-യാങ് ജോടിയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് സാത്വിക് സായ് രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പാരിസ് ഓപൺ ബാഡ്മിൻറൺ ഡബ്ൾസ് ചാമ്പ്യന്മാരായത്. 37 മിനിറ്റ് മാത്രമെടുത്ത പോരാട്ടത്തിൽ 21-11, 21-17 എന്ന സ്കോറിനായിരുന്നു ലോക ഒന്നാം നമ്പർ താരങ്ങളുടെ ജയം.
മൂർച്ചയേറിയ ആക്രമണവും പഴുതടച്ച പ്രതിരോധവുമായി ലീ-യാങ് കൂട്ടുകെട്ടിനെ നിലംതൊടീക്കാത്ത പ്രകടനവുമായാണ് സാത്വികും ചിരാഗും കളംവാണത്. കളി കടുത്തതോടെ എതിരാളികൾ പലപ്പോഴും പിഴവുകൾ വരുത്തി. സെർവിൽപോലും തെറ്റുവന്നത് ഇന്ത്യൻ സഖ്യത്തിന് മേൽക്കൈ നൽകി. 11-6ന് ഇടവേളക്ക് പിരിഞ്ഞവർ പിന്നെയും ലീഡ് തുടർന്ന് 14-6 വരെയെത്തിച്ചു. ഉണരാനാവാതെ ഉഴറിയ ചൈനീസ് തായ്പേയി കൂട്ടുകെട്ടിന്റെ എല്ലാ സാധ്യതകളും അവസാനിപ്പിച്ചായിരുന്നു ആദ്യ സെറ്റ് ടീം പിടിച്ചത്. അടുത്ത സെറ്റിൽ കുറെക്കൂടി ഒപ്പം നിൽക്കാൻ ശ്രമിച്ച എതിരാളികൾ ഒരു ഘട്ടത്തിൽ 5-5ലും ഇടവേളക്ക് 11-9ലും നിന്നു.
ഒപ്പംനിന്ന പോരാട്ടം അവസാനത്തിലേക്കു നീണ്ടതോടെ സമ്മർദത്തിൽ വീണുപോയ ലീ-യാങ് കൂട്ടുകെട്ടിനെ കടന്ന് സാത്വികും ചിരാഗും കപ്പുയർത്തുകയായിരുന്നു. പാരിസിൽ 2019ൽ റണ്ണേഴ്സായി തുടങ്ങിയ ഇരുവരും 2022ലെ ചാമ്പ്യന്മാരായിരുന്നു. ഏഷ്യൻ ചാമ്പ്യന്മാരായ സാത്വികും ചിരാഗും ചേർന്ന് ഈ വർഷം മലേഷ്യ സൂപ്പർ 1000, ഇന്ത്യ സൂപ്പർ 750 എന്നിവയിൽ രണ്ടാമതെത്തിയിരുന്നു. പാരിസ് ഓപണിൽ കിരീടം ചൂടിയതോടെ ബാഡ്മിന്റണിൽ ഒളിമ്പിക് സ്വർണമെന്ന ചരിത്രത്തിലേക്ക് ഒരു ചുവടുകൂടി വെക്കാനായത് ഇന്ത്യൻ ക്യാമ്പിൽ ആവേശം ഇരട്ടിയാക്കും. ‘‘ഏറെ മധുരമായ അനുഭവം. പാരിസ് എന്നും ഞങ്ങൾക്ക് പ്രത്യേകതയുള്ളതായിരുന്നു. ഒളിമ്പിക്സിന്റെ ടെസ്റ്റ് വേദി കൂടിയാണിത് ’’ -ചിരാഗ് പറഞ്ഞു.
ബിർമിങ്ഹാം: ഓൾ ഇംഗ്ലണ്ട് ഓപൺ സൂപ്പർ 100 ചാമ്പ്യൻഷിപ്പിന് ചൊവ്വാഴ്ച തുടക്കം. പാരിസിൽ കിരീടവുമായി വലിയ തുടക്കമിട്ട സാത്വിക്-ചിരാഗ് സഖ്യം ഇവിടെയും കപ്പ് ലക്ഷ്യമിടുമ്പോൾ പി.വി. സിന്ധുവടക്കം വനിത, പുരുഷ താരങ്ങളും വലിയ സ്വപ്നങ്ങളിലേക്ക് റാക്കറ്റ് പായിക്കും.
പ്രകാശ് പദുകോൺ (1980), പുല്ലേല ഗോപിചന്ദ് (2001) എന്നിവർ മാത്രമാണ് മുമ്പ് ഓൾ ഇംഗ്ലണ്ട് ചാമ്പ്യന്മാർ. സൈന നെഹ്‍വാൾ (2015), ലക്ഷ്യ സെൻ (2022) എന്നിവർ റണ്ണേഴ്സ്അപ്പായിരുന്നു. സിംഗിൾസിൽ ലോക ഏഴാം നമ്പർ എച്ച്.എസ്. പ്രണോയ്, യുവതാരം ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത് എന്നിവരും ഡബ്ൾസിൽ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും കിരീട പ്രതീക്ഷ വെക്കുന്നവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.