ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിലെ സ്വര്‍ണമെഡൽ നേട്ടത്തിന് പിന്നാലെ ചരിത്രം കുറിച്ച് ഇന്ത്യൻ താരങ്ങളായ സാത്വിക് സായ്‌രാജും ചിരാഗ് ഷെട്ടിയും. അന്താരാഷ്ട്ര ബാഡ്മിന്റണ്‍ സംഘടനയായ ബി.ഡബ്ല്യു.എഫ് പുറത്തുവിട്ട പുതിയ റാങ്കിങ്ങിൽ പുരുഷ ഡബിള്‍സില്‍ ഇന്ത്യൻ സഖ്യം ഒന്നാം റാങ്കിലെത്തി. ആദ്യമായാണ് ബാഡ്മിന്റണിൽ ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ടീം ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുന്നത്. സിംഗിൾസിൽ പ്രകാശ് പദുക്കോണ്‍, സൈന നെഹ് വാള്‍, കിഡംബി ശ്രീകാന്ത് എന്നിവർ ഒന്നാം റാങ്കിലെത്തിയിരുന്നു.
ഇന്ത്യക്ക് വേണ്ടി ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ആദ്യമായി സ്വര്‍ണം നേടി ഇരുവരും ചരിത്രം കുറിച്ചിരുന്നു. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ ചോയ് സോള്‍ ഗ്യു-കിം വോണ്‍ ഹോ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യം സ്വര്‍ണമണിഞ്ഞത്. ഏഷ്യന്‍ ഗെയിംസിന് മുമ്പ് മൂന്നാം റാങ്കിലായിരുന്ന ഇരുവരും സ്വര്‍ണ മെഡൽ നേട്ടത്തോടെ ഒന്നാം സ്ഥാനത്തേക്ക് കയറുകയായിരുന്നു.
2022ന് ശേഷം അതിശയിപ്പിക്കുന്ന പ്രകടനമാണ് സാത്വിക്-ചിരാഗ് സഖ്യത്തിന്റേത്. ഇന്ത്യൻ ഓപൺ, ഫ്രഞ്ച് ഓപൺ, സ്വിസ് ഓപൺ, ഇന്തോനേഷ്യൻ ഓപൺ, കൊറിയ ഓപൺ എന്നിങ്ങനെ അഞ്ച് ബി.ഡബ്ല്യു.എഫ് കിരീടങ്ങളാണ് ഇരുവരും ചേർന്ന് നേടിയത്. ഒപ്പം തോമസ് കപ്പും സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ഡബിള്‍സില്‍ ഇരുവരും സ്വര്‍ണം നേടിയിരുന്നു. പിന്നാലെ ദുബൈയിൽ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടി. ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡിയെന്ന നേട്ടവും ഇതോടെ സാത്വിക്-ചിരാഗ് സഖ്യം സ്വന്തമാക്കിയിരുന്നു. മലേഷ്യൻ സഖ്യത്തെ തോൽപിച്ച് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഇരുവരും കിരീടമുയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.