ന്യൂഡൽഹി: ഈ വർഷം നടക്കുന്ന പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടിയത് ഇന്ത്യയുടെ ഏഴ് ബാഡ്മിന്റൺ താരങ്ങൾ. നാല് വിഭാഗങ്ങളിലായാണ് ഇവർ മത്സരിക്കുക. മുൻ ലോക ചാമ്പ്യനും രണ്ടുതവണ ഒളിമ്പിക്സിൽ മെഡൽ ജേതാവുമായ പി.വി സിന്ധു (വനിത സിംഗിൾസ്), എച്ച്.എസ് പ്രണോയ്, ലക്ഷ്യ സെൻ (പുരുഷ സിംഗ്ൾസ്), സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി (പുരുഷ ഡബിൾസ്), അശ്വിനി പൊന്നപ്പ-തനിഷ ക്രാസ്റ്റോ (വനിത ഡബിൾസ്) എന്നിവരാണ് പാരിസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക.
ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ പുതിയ റാങ്കിങ് പുറത്തുവിട്ടതോടെയാണ് പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളുടെ എണ്ണത്തിൽ വ്യക്തതയായത്. ആദ്യ 16 റാങ്കിനുള്ളിൽ വരുന്ന താരങ്ങൾക്കാണ് യോഗ്യത ലഭിക്കുക. പുതിയ റാങ്കിങ് പ്രകാരം സിന്ധു വനിതകളിൽ 12ലും പ്രണോയ് പുരുഷ വിഭാഗത്തിൽ ഒമ്പതിലും ലക്ഷ്യ സെൻ 13ലുമാണുള്ളത്. സാത്വിക്-ചിരാഗ് സഖ്യം മൂന്നാം സ്ഥാനക്കാരായി യോഗ്യത നേടിയപ്പോൾ അശ്വിനി-തനിഷ സഖ്യം 13ാം റാങ്കുകാരായാണ് ഒളിമ്പിക്സിന് ടിക്കറ്റെടുത്തത്.
ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയതോടെ ഒന്നാം റാങ്കിലേക്ക് കുതിച്ച് കഴിഞ്ഞ വർഷം സാത്വിക്-ചിരാഗ് സഖ്യം ചരിത്രം കുറിച്ചിരുന്നു. അശ്വിനി-തനിഷ സഖ്യം അബൂദബി മാസ്റ്റേഴ്സ്, ഗുവാഹത്തി മാസ്റ്റേഴ്സ് എന്നിവയിലും രണ്ട് സൂപ്പർ 100 ചാമ്പ്യൻഷിപ്പുകളിലും ജേതാക്കളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.