സിംഗപ്പൂർ: സിംഗപ്പൂർ ഓപൺ സൂപ്പർ 500 ടൂർണമെന്റിൽ ഇന്ത്യൻ പ്രതീക്ഷകളായി എച്ച്.എസ്. പ്രണോയ്, പി.വി. സിന്ധു, സൈന നെഹ്‍വാൾ എന്നിവർ അവസാന എട്ടിൽ. ഏറെയായി ഫോം കണ്ടെത്താൻ വിഷമിക്കുന്ന സൈന മികച്ച പ്രകടനവുമായാണ് ലോക ഒമ്പതാം നമ്പർ താരം ഹെ ബിങ് ജിയാവോയെ 21-19 11-21 21-17 എന്ന സ്കോറിന് മറികടന്നത്.
രണ്ടര വർഷത്തിനിടെ ആദ്യമായാണ് മുൻ ഒളിമ്പിക് മെഡൽ ജേതാവ് സൂപ്പർ 500 ടൂർണമെന്റ് ക്വാർട്ടറിലെത്തുന്നത്. പരിക്ക് വലച്ചും ഫോം കണ്ടെത്താൻ വിഷമിച്ചും ഏറെയായി വലിയ പോരിടങ്ങളിൽ തോൽവി തുടർക്കഥയായിരുന്ന താരം മൂന്നു വർഷത്തിനിടെ ഓർലിയൻസ് മാസ്റ്റർ സൂപ്പർ 100ൽ കിരീടം നേടിയതു മാത്രമാണ് പറയത്തക്ക വിജയം. ഇത്തവണ പക്ഷേ, ആദ്യവസാനം വിജയിയായാണ് അവർ റാക്കറ്റേന്തിയത്.
ലോക 19ാം നമ്പറായ മലയാളി താരം പ്രണോയ് ആദ്യ സെറ്റ് വിട്ടുനൽകിയശേഷമാണ് ചൈനീസ് തായ്പെയ് താരം ചൗ ടിയൻ ചെന്നിനെതിരെ തകർപ്പൻ തിരിച്ചുവരവുമായി കളിപിടിച്ചത്. സ്കോർ: 14-21, 22-20, 21-18. അവസാന എട്ടിൽ ജപ്പാന്റെ കോഡയ് നരോക ആണ് എതിരാളി.
എം.ആർ. അർജുൻ, ധ്രുവ് കപില സഖ്യം മലേഷ്യയുടെ ഗോഹ് സെ, നൂർ ഇസ്സുദ്ദീൻ ടീമിനെ 18-21. 24-22. 21-18ന് വീഴ്ത്തി ക്വാർട്ടറിലെത്തി. പി.വി. സിന്ധു വിയറ്റ്നാമിന്റെ തുയ് ലിൻ എൻഗുയെനിനെ തോൽപിച്ചു. സ്കോർ: 19-21, 21-19, 21-18. കഴിഞ്ഞ ദിവസം ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ച മിഥുൻ മഞ്ജുനാഥ് പക്ഷേ, തോറ്റു മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.